ഗവർണറുടെ ഓഫിസിനെ രാഷ്ട്രീയ ഉപജാപ കേന്ദ്രമാക്കുന്നു; ഗവര്‍ണര്‍ക്ക് എതിരെ മുഖ്യമന്ത്രി
1 min readതിരുവനന്തപുരം: സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽ നടത്തിയ അസാധാരണ വാർത്താ സമ്മേളനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താസമ്മേളനം വിളിച്ചാണ് മുഖ്യമന്ത്രി ഗവർണർക്കെതിരായ നിലപാട് വ്യക്തമാക്കിയത്. ആർഎസ്എസ് ബന്ധമുള്ളയാളാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സംഘടനകളിൽനിന്ന് അകലം പാലിക്കേണ്ട ഭരണഘടനാ പദവിയാണു ഗവർണറുടേത്. ഗവർണറുടെ ഓഫിസിനെ രാഷ്ട്രീയ ഉപജാപ കേന്ദ്രമാക്കുന്നു എന്ന ആക്ഷേപം ഉയരുന്നു. തനിക്ക് ആർഎസ്എസ് ബന്ധമുണ്ടെന്ന് ആരിഫ് മുഹമ്മദ് ഖാൻ തന്നെ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഗവർണർ പ്രശംസയും സ്നേഹവും നൽകിയത് ആർഎസ്എസിനാണ്. ഭരണഘടനാസ്ഥാനത്തുനിന്ന് ഇതു പറയാമോ?
വാർത്താ സമ്മേളനം വിളിച്ച ഗവർണറുടേത് അസാധാരണ നടപടിയാണ്. സർക്കാരുമായുള്ള അഭിപ്രായ വ്യത്യാസം അറിയിക്കുന്നതിനു നിയതമായ രീതികളുണ്ട്. മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചാണു ഗവർണർ പ്രവർത്തിക്കേണ്ടതെന്നു ഭരണഘടന പറയുന്നു. മന്ത്രിസഭയുടെ ഉപദേശം നിരസിക്കാൻ ഗവർണർക്ക് അവകാശമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.