ദേശീയപാതാ വികസനം; മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നു: വി മുരളീധരന്‍

1 min read

ദേശീയപാതാ വികസനത്തില്‍ സംസ്ഥാനത്തെ ജനങ്ങളെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ കുറ്റപ്പെടുത്തി. ദേശീയപാതാ സ്ഥലമേറ്റെടുപ്പിന് കേരളം മാത്രമാണ് 25 ശതമാനം പണം നല്‍കുന്നതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം തെറ്റാണെന്ന് വി മുരളീധരന്‍ കുറ്റപ്പെടുത്തി. സിപിഐഎം കേരളത്തില്‍ ഫ്‌ലക്‌സുകള്‍ വെച്ചും ചര്‍ച്ചയിലൂടെയും ജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങള്‍ 50 ശതമാനം വരെ തുക സ്ഥലമേറ്റെടുപ്പിന് നല്‍കുമ്പോള്‍ കേരളം 25 ശതമാനം മാത്രമാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റിന് മുന്നില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മുഖ്യമന്ത്രിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാം. കര്‍ണാടകം ഭൂമി ഏറ്റെടുക്കാന്‍ 30 ശതമാനവും റിങ് റോഡുകള്‍ക്കും ബൈപ്പാസുകള്‍ക്കുമായി 50 ശതമാനം ഭൂമി ഏറ്റെടുക്കലിനും പണം നല്‍കുന്നു. ബെല്‍ഗാവി തുംകൂര്‍ ബൈപ്പാസിന്റെ 50 ശതമാനം ചെലവ് കര്‍ണാടകം വഹിക്കുന്നു. തമിഴ്‌നാട്ടില്‍ ചെന്നൈ മുതല്‍ മധുര വരെ നാല് വരി എലിവേറ്റഡ് ഹൈവേക്ക് ഭൂമി ഏറ്റെടുക്കലിനും പുനരധിവാസത്തിനുമായി 470 കോടി ചെലവില്‍ തമിഴ്‌നാട് സര്‍ക്കാര്‍ പകുതി ചെലവ് വഹിക്കുന്നുണ്ട്.’

‘പഞ്ചാബില്‍ ലെഡോവില്‍ ബൈപ്പാസിന് ഭൂമി ഏറ്റെടുക്കാന്‍ 50 ശതമാനം ചെലവ് സര്‍ക്കാര്‍ വഹിച്ചു.’ ഹിമാചലില്‍ പിഞ്ചോര്‍ബഡി നെലോല്‍ഖഡി പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലിന് 15.19 കോടി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയിലും, യുപിയിലും ഒഡിഷയിലും സംസ്ഥാന സര്‍ക്കാരുകള്‍ ദേശീയപാതാ പദ്ധതികള്‍ക്ക് 50 ശതമാനം വരെയും ബിഹാറില്‍ 100 ശതമാനവും സംസ്ഥാനങ്ങള്‍ വഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സഹകരണ ഫെഡറലിസം നടപ്പാക്കുന്നതില്‍ കേരളം കൂടെ ഭാഗമാകുന്നതില്‍ സന്തോഷമെന്നാണ് താന്‍ പറഞ്ഞതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

Related posts:

Leave a Reply

Your email address will not be published.