പല ക്ലാസുകളിലെ കുട്ടികള്‍ ഒരു ക്ലാസ് മുറിയില്‍; 107 വിദ്യാര്‍ത്ഥികള്‍ക്ക് 2 ശുചിമുറികള്‍; നരകിച്ച് പഠിച്ച് കുട്ടികള്‍

1 min read

കൊച്ചി: പല ക്ലാസുകളിലെ കുട്ടികള്‍ പഠിക്കുന്നത് ഒരേ മുറിയിലിരുന്നാണ്. 107 വിദ്യാര്‍ത്ഥികള്‍ക്കായി ഉള്ളത് രണ്ട് ശുചിമുറികള്‍. എറണാകുളം കിഴക്കമ്പലം വിലങ്ങ് സര്‍ക്കാര്‍ യു പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പുതിയ സ്‌കൂള്‍ കെട്ടിടമുണ്ടായിട്ടും വാടകക്കെട്ടിടത്തില്‍ നരകിച്ച് പഠിക്കേണ്ടി വരുന്നത്. ട്വന്റി ട്വന്റി ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്ത് ടെണ്ടര്‍ പോലും വിളിക്കാതെ കെട്ടിടനിര്‍മ്മാണം നടത്തിയതിനാല്‍ ഫിറ്റ്‌നസ് അനുവദിക്കാന്‍ കഴിയില്ലെന്നാണ് പഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗം പറയുന്നത്. ഒന്ന് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളാണ് ചെറിയ മൂന്ന് മുറികളില്‍ കൂട്ടമായി. തിക്കി തിരക്കി ഇരിക്കുന്നത്. പുസ്തകമോ ബാഗോ വയ്ക്കാനിടമില്ല. മുറികളോട് ചേര്‍ന്നുള്ളത് രണ്ടേ രണ്ട് ശുചിമുറികള്‍. വരിവരി നിന്ന് മൂത്രശങ്ക തീര്‍ക്കുന്ന പെടാപാടോര്‍ത്ത് വെള്ളം കുടിക്കുന്നത് ഒഴിവാക്കുന്ന വിദ്യാര്‍ത്ഥികളും നിരവധിയാണ്.

പുത്തന്‍ കെട്ടിടമുണ്ടായിട്ടും കുട്ടികള്‍ അനുഭവിക്കുന്നു. അതും പണി പൂര്‍ത്തിയായി ആറ് മാസം കഴിഞ്ഞിട്ടും. തുടക്കം നാല് വര്‍ഷം മുന്‍പാണ്. പഴയ സ്‌കൂള്‍ കെട്ടിടം പൊളിച്ച് പണിയാന്‍ തീരുമാനിച്ചത് മുതല്‍. എംഎല്‍എ ഫണ്ടില്‍ നിന്ന് ആദ്യം അമ്പത് ലക്ഷം രൂപ അനുവദിച്ചു. പണി തുടങ്ങി ആദ്യ നില പൂര്‍ത്തിയായി. പിന്നീട് കിഴക്കമ്പലം പഞ്ചായത്ത് സ്‌കൂളിനായി ഒരു കോടി രൂപ അനുവദിച്ചു. എന്നാല്‍ രണ്ടാംഘട്ട നിര്‍മ്മാണത്തിനായി ടെന്‍ഡര്‍ വിളിക്കുന്നതിന് മുന്‍പെ പണി പകുതിയിലധികവും ഒരേ കരാറുകാരന്‍ പൂര്‍ത്തിയാക്കി. എന്നാല്‍ പഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനീയറോ, ബ്ലോക്ക്തലത്തിലെ എഞ്ചിനീയറെയോ ഇത് അറിയിച്ചതുമില്ല.

പഞ്ചായത്ത് ടെണ്ടറില്ലാതെ കരാറുകാരനെ തീരുമാനിച്ച് പണി തുടരുന്നത് ഉദ്യോഗസ്ഥ മേല്‍നോട്ടത്തില്‍ അല്ലാത്തതിനാല്‍ എഞ്ചിനീയറിംഗ് വിഭാഗം സ്റ്റോപ്പ് മെമ്മോ നല്‍കി. ഇത് മറികടന്നും പണി തുടര്‍ന്നു. കിഴക്കമ്പലം പഞ്ചായത്ത് നടപടിക്രമങ്ങള്‍ പാലിക്കാത്തതിനാല്‍ ഫിറ്റ്‌നസ് നല്‍കാന്‍ കഴിയില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ സ്‌കൂളിലെ കഞ്ഞിപ്പുരയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഉള്ളതിനാലാണ് സ്‌കൂള്‍ തുറക്കാത്തതെന്നാണ് കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റിന്റെ വിചിത്ര മറുപടി. ഇപ്പറഞ്ഞ ന്യായീകരണങ്ങള്‍ ഒന്നും മനസ്സിലാകാതെ ക്രൂരമായ അനുഭവങ്ങള്‍ സഹിച്ച് പഠിക്കുകയാണ് മറ്റൊരു സ്‌കൂളിലും പോകാന്‍ വഴിയില്ലാതെ ഈ കുട്ടികള്‍

Related posts:

Leave a Reply

Your email address will not be published.