ഗവര്‍ണ്ണറും സര്‍ക്കാരും തമ്മിലുള്ള പ്രശനങ്ങള്‍ ഒടുങ്ങുന്നു.
1 min readതിരുവനന്തപുരം: മാസങ്ങളായി നീളുന്ന ഗവര്‍ണ്ണര്‍ സര്‍ക്കാര്‍ പോര് അവസാനത്തിലേക്ക്. നിയമസഭാ സമ്മേളനം പിരിയുന്ന കാര്യം ഗവര്‍ണ്ണറെ അറിയിക്കുന്നതിനും ബജറ്റ് സമ്മേളനത്തിന് ആരംഭം കുറിച്ചുള്ള നയപ്രഖ്യാപന പ്രസംഗത്തിന് ഗവര്‍ണറെ ക്ഷണിക്കുവാനും സര്‍ക്കാര്‍ തീരുമാനിച്ചു. സജി ചെറിയാന്റെ സത്യപ്രതിജ്ഞക്ക് ഗവര്‍ണര്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് ഗവര്‍ണറെ നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിനായി ക്ഷണിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇതോടെ കേരള നിയമസഭയുടെ അവസാന സമ്മേളനം പിരിഞ്ഞതായി സര്‍ക്കാര്‍ ഔദ്യോഗികമായി ഗവര്‍ണറെ അറിയിക്കും. ഗവര്‍ണറുമായി തത്കാലം പോര് വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍ എന്നാണ് അറിയുന്നത്. ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞയ്ക്ക് ഗവര്‍ണ്ണര്‍ അനുമതി നല്‍കിയതോടെയാണ് സര്‍ക്കാരും വിട്ടുവീഴ്ചക്ക് തയ്യാറായത്. ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗം സഭാ സമ്മേളനം പിരിയുന്ന കാര്യം ഗവര്‍ണറെ അറിയിക്കാന്‍ തീരുമാനിച്ചു. ക്യാബിനറ്റില്‍ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അവതരിപ്പിച്ചത്.
ഡിസംബര്‍ 13ന് നിയമസഭാ സമ്മേളനം അവസാനിച്ച കാര്യം ഇതുവരെയും രാജ്ഭവനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പതിനഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനമായിരുന്നു ഇത്. സമ്മേളനം നീട്ടിക്കൊണ്ടു പോയി നേരെ ബജറ്റ് സമ്മേളനത്തിലേക്ക് കടക്കാനും ശേഷം നയപ്രഖ്യാപനം മെയ് മാസത്തിലേക്ക് നീട്ടാനുമായിരുന്നു സര്‍ക്കാര്‍ നീക്കം. എന്നാല്‍ നിയമസഭാ സമ്മേളനം തീര്‍ന്നതായി രാജ്ഭവനെ അറിയിക്കുന്നതോടെ എട്ടാം സമ്മേളനത്തിലാവും ബജറ്റ് അവതരണം എന്നത് ഉറപ്പായി.