കെപിസിസി മുന്‍ വൈസ് പ്രസിഡന്റ് സികെ ശ്രീധരന് പാര്‍ട്ടി വിടുന്നു
1 min readകാസര്‍കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ സികെ ശ്രീധരന് പാര്‍ട്ടി വിടുന്നു. കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ഈ പ്രമുഖ നേതാവ് ഇനി സിപിഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കി. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അപചയം സംഭവിച്ചുവെന്നും കെപിസിസി സംസ്ഥാന പ്രസിഡന്റ് കെ സുധാകരന്റെ ആര്‍എസ്എസ് അനുകൂല നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും സികെ ശ്രീധരന് പറഞ്ഞു. ഈ മാസം 19 ന് കാഞ്ഞങ്ങാട് നടക്കുന്ന പൊതുപരിപാടിയില്‍ വെച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാവും സികെ ശ്രീധരനെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുക.
താന്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചിരിക്കുന്നതായി സികെ ശ്രീധരന് വ്യക്തമാക്കി. നവംബര്‍ 17ന് വാര്‍ത്താ സമ്മേളനം നടത്തി ഇക്കാര്യം വ്യക്തമാക്കും. രാജ്യത്ത് ഫാസിസത്തിനെതിരെ ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും. തന്നോടൊപ്പം പ്രവര്‍ത്തകരും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍പ് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു സികെ ശ്രീധരന്. 1977 ന് ശേഷമാണ് ഇദ്ദേഹം കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. 1991 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഇകെ നായനാര്‍ക്കെതിരെ ഇദ്ദേഹം മത്സരിച്ചിട്ടുണ്ട്. അന്ന് വലിയ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുകയും ചെയ്തു. പ്രമുഖ അഭിഭാഷകരിലൊരാളായ അദ്ദേഹം കോണ്‍ഗ്രസിന് വേണ്ടി പല കേസുകളിലും വാദിച്ചിട്ടുണ്ട്.