യുവതിയുടെ വസ്ത്രധാരണം ലൈംഗിക പ്രകോപനം ഉണ്ടാക്കുന്നത്: സിവിക് ചന്ദ്രന്റെ ജാമ്യ ഉത്തരവില്‍ കോടതി.

1 min read

കോഴിക്കോട്: സാഹിത്യകാരന്‍ സിവിക് ചന്ദ്രനെതിരെ പീഡന പരാതി നല്‍കിയ കവയിത്രി സംഭവ സമയത്ത് ധരിച്ചിരുന്നത് ലൈംഗിക പ്രകോപനപരമായ വസ്ത്രങ്ങളായിരുന്നെന്നു കോടതി നിരീക്ഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് സെഷന്‍സ് ജഡ്ജി എസ്.കൃഷ്ണന്‍ കുമാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

പരാതിക്കൊപ്പം സിവിക് ചന്ദ്രന്‍ ഹാജരാക്കിയ ചിത്രങ്ങളില്‍നിന്ന് ഇതു വ്യക്തമാണെന്നും ആരോപിക്കുന്നതു പോലെ 354 എ വകുപ്പ് സിവിക് ചന്ദ്രനെതിരെ നിലനില്‍ക്കില്ലെന്നുമുള്ള നിരീക്ഷണത്തോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള ഉത്തരവ്.

ശാരീരിക സമ്പര്‍ക്കം ഉണ്ടെന്നു സമ്മതിച്ചാല്‍ തന്നെ 74 വയസുകാരനായ ശാരീരിക വൈകല്യം ഉള്ള പുരുഷന്‍ പരാതിക്കാരിയെ ബലമായി മടിയില്‍ ഇരുത്തി ദേഹോപദ്രവം ഏല്‍പിച്ചു എന്നതു വിശ്വസിക്കാന്‍ കഴിയില്ല. 30 വയസുകാരിയായ പരാതിക്കാരിക്ക് ലൈംഗിക ഉപദ്രവം എന്ത് എന്നത് നന്നായി മനസിലാക്കാന്‍ സാധിക്കും.

എങ്കിലും സംഭവം നടന്ന് രണ്ടര വര്‍ഷത്തിനു ശേഷമാണ് പരാതി ഉന്നയിക്കുന്നത്. അതും കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ സമാനമായ മറ്റൊരു പരാതി റജിസ്റ്റര്‍ ചെയ്യപ്പെട്ടതിനു ശേഷം. പരാതി നല്‍കാന്‍ ഇത്രയും വൈകിയത് എന്ത് എന്നത് പരാതിക്കാരി തന്നെ വിശദീകരിക്കേണ്ടതാണ്. ഇവിടെ അതുണ്ടായിട്ടില്ല എന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

2020 ഫെബ്രുവരി 8ന് കൊയിലാണ്ടി നന്തി കടല്‍ത്തീരത്തുനടന്ന കവിത ക്യാംപിനെത്തിയപ്പോള്‍ സിവിക് ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവ എഴുത്തുകാരിയുടെ പരാതി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 എ (2), 341, 354 വകുപ്പുകള്‍ പ്രകാരം കേസ് എടുക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.

Related posts:

Leave a Reply

Your email address will not be published.