6 സസ്‌പെന്‍ഷനും 15 തവണ വകുപ്പുതല നടപടിയും നേരിട്ട പോലീസുകാരന്‍ ഒടുവില്‍ കൂട്ടബലാത്സംഗകേസിലെ പ്രതി സി ഐ സുനുവിന്റെ തൊപ്പിതെറിച്ചു
1 min readതിരുവനന്തപുരം : സി ഐ സുനുവിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടത് കേരള പോലീസ് ആക്ടിലെ വകുപ്പ് 86 പ്രകാരം. സ്ഥിരമായി ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ സര്‍വീസില്‍ തുടരാന്‍ അയോഗ്യരാക്കുന്നതാണ് ഈ വകുപ്പ്. കേരള പോലീസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഈ വകുപ്പ് അനുസരിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നു നീക്കം ചെയ്യുന്നത്.
ബേപ്പൂര്‍ കോസ്റ്റല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പിആര്‍ സുനുവിനെ സര്‍വീസില്‍ നിന്ന് നീക്കംചെയ്തതായി സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് ആണ് ഉത്തരവിറക്കിയത്. സ്വഭാവ ദൂഷ്യത്തിന്റെ പേരിലാണ് നടപടി. 15 പ്രാവശ്യം വകുപ്പുതല നടപടിയും ആറ് സസ്‌പെന്‍ഷനും നേരിട്ട ഉദ്യോഗസ്ഥനാണ് സുനു. ഇയാള്‍ക്ക് പൊലീസില്‍ തുടരാന്‍ യോഗ്യതയില്ലെന്ന് നടപടിയെടുത്ത ഡിജിപി ഉത്തരവില്‍ വ്യക്തമാക്കി.
തൃക്കാക്കര കൂട്ടബലാത്സംഗ കേസില്‍ പ്രതിയായതോടെ ബേപ്പൂര്‍ കോസ്റ്റല്‍ സിഐ ആയിരുന്ന പിആര്‍ സുനു സസ്‌പെന്‍ഷനിലായിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ട് പരിഗണിച്ചായിരുന്നു സസ്‌പെന്‍ഷന്‍ നടപടി. തൃക്കാക്കര കൂട്ടബലാത്സംഗ കേസിലെ മൂന്നാം പ്രതിയാണ് പി ആര്‍ സുനു. എറണാകുളം സ്വദേശിയായ യുവതിയുടെ പരാതിയെ തുടര്‍ന്നായിരുന്നു ഇയാളെ പ്രതി ചേര്‍ത്തത്.
ദളിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിയായ സുനുവിനെതിരെ വകുപ്പ്തല അന്വഷണം പൂര്‍ത്തിയാക്കി കഴിഞ്ഞ ജനുവരിയില്‍ ശിക്ഷിച്ചിരുന്നു. സ്ഥാനകയറ്റം തടഞ്ഞുകൊണ്ടായിരുന്നു ഇയാളെ ശിക്ഷിച്ചത്. എന്നാല്‍ ഈ ശിക്ഷാ നടപടി ഡിജിപിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് പുന:പരിശോധിച്ച് പിരിച്ചുവിടലാക്കി മാറ്റിയ ശേഷമാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.