കുട്ടിയെ ചവിട്ടി വീഴ്ത്തിയ സംഭവത്തില്‍ വിശദീകരണം തേടി ബാലവകാശ കമ്മീഷന്‍
1 min readതലശ്ശേരി : തലശ്ശേരിയില്‍ കാറില്‍ ചാരി നിന്ന കുട്ടിയെ ചവിട്ടി വീഴ്ത്തിയ സംഭവത്തില്‍ പൊലീസ് വീഴ്ചയെ സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടതായി ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാര്‍. പൊലീസിന് വീഴ്ച പറ്റിയെന്ന റൂറല്‍ എസ് പി പി ബി രാജീവിന്റെ റിപ്പോര്‍ട്ട് പരിശോധിക്കും. നിലവില്‍ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചിനോടും വിവരങ്ങള്‍ ആരായുമെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാര്‍ പറഞ്ഞു. കുട്ടിക്ക് സുരക്ഷ ഉറപ്പാക്കുമെന്നും ഇതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ അറിയിച്ചു.
ആറ് വയസ്സുകാരനെ ചവിട്ടി വീഴ്ത്തിയ സംഭവത്തില്‍ തലശ്ശേരി എസ് എച്ച് ഒ ഉള്‍പ്പെടെയുളളവര്‍ക്ക് വീഴ്ച പറ്റിയെന്നാണ് എഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ എസ് പി വ്യക്തമാക്കിയിരിക്കുന്നത്. സംഭവത്തില്‍ പൊലീസിനെതിരെ നടപടി എടുത്തേക്കും. സംഭവം നടന്ന ദിവസം കസ്റ്റഡിയില്‍ എടുത്ത പ്രതിയെ വിട്ടയച്ചത് ഗുരുതര വീഴ്ചയായി. കുട്ടിയെ ചവിട്ടി വീഴ്ത്തിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞിട്ടും ഗൗരവമായി എടുത്തില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
നവംബര്‍ മൂന്നിന് വൈകിട്ടാണ് ആറുവയസുകാരനെ യുവാവ് ക്രൂരമായി ആക്രമിച്ചത്. തന്റെ കാറില്‍ ചവിട്ടിയെന്നാരോപിച്ച് പൊന്ന്യം സ്വദേശി മുഹമ്മദ് ഷിനാദ് രാജസ്ഥാന്‍ സ്വദേശികളായ നാടോടി കുടുംബത്തിലെ ഗണേഷ് എന്ന കുഞ്ഞിനെ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. ക്രൂര കൃത്യത്തിന്റെ ദൃശ്യങ്ങളും സാക്ഷി മൊഴികളുമുണ്ടായിട്ടും തുടക്കത്തില്‍ കേസെടുക്കാതെ പൊലീസ് പ്രതിയെ വിട്ടയക്കുകയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടും ദൃശ്യങ്ങളും പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടികളിലേക്ക് കടന്നതും പ്രതിയെ അറസ്റ്റ് ചെയ്തതും. കുട്ടിക്കെതിരെ മുഹമ്മദ് ഷിഹാദ് നടത്തിയത് കുറ്റകരമായ നരഹത്യാ ശ്രമമാണെന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്