മുഖ്യമന്ത്രിയുടെ ഒഎസ്ഡി ആര്‍ മോഹന്റെ വാഹന ദുരുപയോഗത്തിന്റെ രേഖകള്‍ പുറത്ത്
1 min readകൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ആര്‍. മോഹന്‍ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതിന്റെ രേഖകള്‍ പുറത്തായി. ഒരു രൂപ പോലും സര്‍ക്കാരിന് അടക്കാതെയാണ് 2021 മെയ് മുതല്‍ ഈ വര്‍ഷം സെപ്റ്റംബര്‍ പകുതി വരെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഇന്നോവ വാഹനം ഉപയോഗിച്ചത്. ആര്‍. മോഹന്റെ അധ്യാപികയായ ഭാര്യ പൂര്‍ണിമാ മോഹന് യാത്രകള്‍ക്ക് കാര്‍ വിട്ടുനല്‍കിയ ദിവസങ്ങളിലും ലോഗ്ബുക്കില്‍ കള്ളക്കണക്കുകളാണ് ഉള്ളത്.
മുഖ്യമന്ത്രിയുടെ ഒഎസ്ഡിക്ക് സര്‍ക്കാര്‍ വണ്ടി കുടുംബ വണ്ടിയാക്കാന്‍ പ്രത്യേക പരിഗണയുണ്ടോ? ഇത്രകാലം എത്ര കിലോ മീറ്ററിന് എത്ര പണം സര്‍ക്കാരില്‍ അടച്ചു. വ്യക്തമാക്കുമോ? രണ്ട് മാസം മുമ്പ് ഈ ചോദ്യങ്ങളാണ് ഉയരുന്നത്. ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായ വിവരാവകാശ രേഖകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സര്‍ക്കാര്‍ വണ്ടി കുടുംബ വണ്ടിയാക്കാന്‍ ഒഎസ്ഡിക്ക് യാതൊരു തരത്തിലുള്ള അനുമതിയുമില്ല. ഭാര്യക്ക് വേണ്ടി ഔദ്യോഗിക വാഹനം വിട്ട് നല്‍കിയതില്‍ സര്‍ക്കാരില്‍ പണമടച്ചിട്ടില്ല എന്നാണ് വിവരാവകാശ രേഖകള്‍ പറയുന്നത്.
മുഖ്യമന്ത്രിയുടെ ഒഎസ് ഡിക്ക് വട്ടിയൂര്‍ക്കാവിലെ വീട്ടില്‍ നിന്നും സെക്രട്ടറിയേറ്റിലെ ഓഫീസിലെക്ക് വന്ന് തിരികെ പോകാനുള്ള ദൂരം 17 കിലോ മീറ്ററാണ്. ഗാരെജില്‍ പോയി വരാന്‍ ദിവസം ഓടേണ്ടി വരുക 16 കിലോമീറ്ററും. 35 കിലോമീറ്റര്‍ ശരാശരി ഓടേണ്ട വാഹനം മിക്ക ദിവസങ്ങളിലും 80 കിലോ മീറ്ററിലേറെയാണ് ഓടിയത്. KL 01 BF 4444 ഇന്നോവ വാഹനം 100 കിലോ മീറ്റര്‍ പിന്നിട്ട ദിവസങ്ങളുമുണ്ട്. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് പരമാവധി ഉപോയോഗിച്ചാല്‍ പോലും മാസം ആയിരം കിലോ മീറ്റര്‍. എന്നാല്‍, ശരിക്കുമുളള വാഹനം ഉപയോഗം ഇങ്ങനെയാണ്.
2022 ഏപ്രില്‍ മാസം 2121 കിലോ മീറ്റര്‍
മെയ് മാസം 1694 കിലോ മീറ്റര്‍
ജൂണ്‍ മാസം 2268 കിലോ മീറ്റര്‍
ജൂലൈ മാസം 2387 കിലോ മീറ്റര്‍
ആഗസ്റ്റ് മാസം 1701 കിലോ മീറ്റര്‍
വഞ്ചിയൂര്‍ സംസ്‌കൃതം സെന്ററില്‍ അധ്യാപികയായ പ്രൊഫ പൂര്‍ണിമാ മോഹന്‍ വാഹനം ഉപയോഗിച്ചു എന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയ ദിവസങ്ങളില്‍ പ്രൈവറ്റ് ഉപയോഗം പ്രത്യേകം കുറിച്ചിട്ടില്ല. ലോക്കല്‍ ട്രിപ്‌സ് എന്ന് പലയിടത്തും പരാമര്‍ശമുണ്ട്. ഭാര്യക്ക് വേണ്ടിയുള്ള ഉപയോഗമാണോ ഈ ലോക്കല്‍ ട്രിപ്‌സ് എന്നതാണ് ഉയരുന്ന ചോദ്യം.
2021 മെയ് മാസം മുതല്‍ 2022 സെപ്റ്റംബര്‍ അവസാനം വരെ സ്വകാര്യ ഉപയോഗത്തിന് പണമടച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് പണം അടച്ചു എന്നാണ് വിവരാവകാശ രേഖ. എന്നാല്‍ ഒരു ദിവസം മാത്രമാണ് പണമടച്ചത്. ഇത് സംബന്ധിച്ച് ആദ്യ വാര്‍ത്ത വന്ന ശേഷം സെപ്റ്റംബര്‍ 16ആം തീയതി നടത്തിയ യാത്രക്ക് 2400 രൂപ ട്രഷറിയില്‍ അടച്ചിട്ടുണ്ട്. വാര്‍ത്ത കൊണ്ട് മാത്രം പൊതുഖജനാവിലേക്ക് എത്തിയ 2400രൂപ എന്ന് ചുരുക്കം.