സിപിഎം നേതാക്കള്‍ ജനപ്രതിനിധി ആകുന്നതിന് മുന്‍പും ശേഷവും ആസ്തി പുറത്ത് വിടാമോ; വി മുരളീധരന്‍
1 min read
സി.പി.എം നേതാവ് ഇ.പി ജയരാജനെതിരായ ആരോപണം അവശ്യമെങ്കില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സി.പി.എമ്മിനകത്ത് ഇത് നാളുകളായി നടക്കുന്നതാണ്. പുറത്തു വരുന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. സി.പി.എം നേതാക്കള്‍ സ്വന്തം പേരിലും ബിനാമി പേരിലും സ്വത്തുക്കള്‍ വാരിക്കൂട്ടുകയാണെന്നും വി മുരളീധരന്‍ ആരോപിച്ചു.
ഇ.പി ജയരാജന്റെ ഭാര്യയും മകനും ആയുര്‍വേദ റിസോര്‍ട്ടില്‍ പങ്കാളിയാണെന്നാണ് കേള്‍ക്കുന്നത്. എന്താണ് അവരുടെ വരുമാനത്തിന്റെ സ്രോതസ്സ്. എന്തു വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സി.പി.എം നേതാക്കള്‍ക്ക് ഇത്തരം സംരംഭത്തില്‍ പങ്കാളിയാകാന്‍ കഴിയുന്നത്? ഭരണത്തിന്റെ തണലില്‍ സമ്പാദിക്കുന്ന പണം കുടുംബക്കാരുടെ പേരിലും ഇഷ്ടക്കാരുടെ പേരിലും വിവിധ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കുകയാണ്.
കേരളത്തിലെ സി.പി.എമ്മിന്റെ ജില്ലാ സംസ്ഥാന നേതാക്കള്‍, അവര്‍ എം.എല്‍.എയോ, എം.പിയോ ആകുന്നതിന് മുമ്പത്തെ സാമ്പത്തിക സ്ഥിതിയും ഇന്നത്തെ സാമ്പത്തിക സ്ഥിതിയും തമ്മിലുള്ള വ്യത്യാസം ജനങ്ങള്‍ക്കെല്ലാം അറിയാം. ഇതുസംബന്ധിച്ച് സര്‍ക്കാരോ, പാര്‍ട്ടിയോ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി വസ്തുതകള്‍ പുറത്തുവിടുമോ എന്ന് കേന്ദ്രമന്ത്രി ചോദിച്ചു
പാര്‍ട്ടിക്കുള്ളില്‍ അന്വേഷണം നടത്തി ഒതുക്കി തീര്‍ക്കുന്നതാണ് സി.പി.എമ്മിന്റെ ശൈലി. ആ സമീപനം സ്വീകരിച്ച് ജനങ്ങളെ കബളിപ്പിക്കുന്നതിന് പകരം വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ തക്ക അന്വേഷണത്തിന് സി.പി.എം തയ്യാറാകണം. വിഷയം പാര്‍ട്ടിക്കുള്ളില്‍ അഭ്യന്തര അന്വേഷണത്തില്‍ ഒതുക്കാതെ സത്യം ജനങ്ങളെ അറിയിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.