ഗര്‍ഭിണിയെ ചുമന്നത് രണ്ടരക്കിലോമീറ്ററിലേറെ; മന്ത്രി പറഞ്ഞ തെറ്റ് ചൂണ്ടിക്കാട്ടി എംപിയും ഭര്‍ത്താവും എംപിയും
1 min readപാലക്കാട്: അട്ടപ്പാടി കടുകുമണ്ണയിലെ ഗര്‍ഭിണിയുടെ ദുരിതയാത്ര സംബന്ധിച്ച് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞതിനെതിരെ യുവതിയുടെ ഭര്‍ത്താവും വി.കെ ശ്രീകണ്ഠന്‍ എം പിയും രംഗത്ത്. ഗര്‍ഭിണിയെ 300 മീറ്റര്‍ മാത്രമാണ് തുണിയില്‍ കെട്ടി ചുമന്നതെന്ന മന്ത്രിയുടെ വാദം തെറ്റാണ്. വനത്തിലൂടെ മൂന്നര കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ഒന്നര മണിക്കൂര്‍ വേണം. പ്രശ്‌നം പരിഹരിക്കാന്‍ മന്ത്രി നടപടി സ്വീകരിക്കുന്നില്ല. സംഭവം പുറത്തു കൊണ്ടു വന്നവരെ മന്ത്രി കളിയാക്കുകയാണെന്നും വി.കെ.ശ്രീകണ്ഠന്‍ എംപി പറഞ്ഞു
റോഡ് സൌകര്യമില്ലാത്തതിനാല്‍ രണ്ടര കിലോമീറ്ററിലധികം നടന്നാണ് ഗര്‍ഭിണിയെ ഊരിന് പുറത്തെത്തിച്ചത്. 108 ആംബുലന്‍സിന് ക്യാംപ് സൈറ്റുവരെ മാത്രമേ വരാനായുള്ളു. സമയത്ത് വാഹനം കിട്ടാത്തതിനെ തുടര്‍ന്നാണ് ഗര്‍ഭിണിയായ ഭാര്യയെ തുണി മഞ്ചലില്‍ കൊണ്ടു പോയത്. റോഡ് മോശമായതാണ് പ്രതിസന്ധിയായത്. വണ്ടി കിട്ടിയിരുന്നെങ്കില്‍ പുലര്‍ച്ചെ രണ്ടരക്കെങ്കിലും ആശുപത്രിയില്‍ എത്തിക്കാമായിരുന്നു.മന്ത്രി പറഞ്ഞത് തെറ്റാണെന്ന് യുവതിയുടെ ഭര്‍ത്താവ് മുരുകനും പ്രതികരിച്ചു.
പാലക്കാട് അട്ടപ്പാടിയില്‍ ഗര്‍ഭിണിയെ ആശുപത്രിയിലെത്തിച്ചത് തുണി മഞ്ചലില്‍ ചുമന്നായിരുന്നു. കൃത്യമായ റോഡ് സൌകര്യമില്ലാത്തതിനാല്‍ ആംബുലന്‍സിന് സ്ഥലത്തേക്ക് എത്താന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണ് അര്‍ധരാത്രിയില്‍ പ്രസവവേദന അനുഭവപ്പെട്ട സുമതി മുരുകന്‍ എന്ന യുവതിയെ ബന്ധുക്കള്‍ ചേര്‍ന്ന് രണ്ടരകിലോമീറ്ററോളം ദൂരം ചുമന്നത്. ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ യുവതി പ്രസവിച്ചു.
കടുകമണ്ണ ഊരിലെ നിവസികള്‍ക്ക് പുറംലോകത്തേക്ക് എത്താന്‍ ഭവാനിപ്പുഴയുടെ കുറുകെയുള്ള ഒരു തൂക്കുപാലത്തിലൂടെയും അതിന് ശേഷം മൂന്നര കിലോമീറ്റര്‍ കാട്ടിലൂടെയും സഞ്ചരിക്കണം.രാത്രി ആനയിറങ്ങുന്ന സ്ഥലമാണിത്. രാത്രി പന്ത്രണ്ട് മണിയോടെ പ്രസവ വേദന ആരംഭിച്ച ഉടനെ ആംബുലന്‍സിനായി യുവതിയുടെ ബന്ധുക്കള്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ആനയിറങ്ങുന്നതിനാലും റോഡ് മോശമായതിനാലും ആംബുലന്‍സോ സ്വകാര്യ വാഹനങ്ങളോ എത്തിയില്ല. 2.30 നാണ് കോട്ടത്തറയില്‍ നിന്നും ആംബുലന്‍സ് എത്തിയത്.
റോഡ് മോശമായതിനാല്‍ ആനവായ് എന്ന സ്ഥലം വരെയാണ് ആംബുലന്‍സിന് എത്താന്‍ കഴിഞ്ഞുള്ളൂ. അതിനാല്‍ ആനവായ വരെയുളള ദൂരം യുവതിയെ ബന്ധുക്കള്‍ ചേര്‍ന്ന് തുണിയില്‍ കെട്ടി ചുമന്ന് എത്തിക്കുകയായിരുന്നു. മൂന്നര കിലോമീറ്റര്‍ ചുമന്നെത്തിച്ച് അതിന് ശേഷം യുവതിയെ ആംബുലന്‍സില്‍ കയറ്റിയാണ് ആശുപത്രിയില്‍ എത്തിച്ചത്.