ഗവര്‍ണറാണ് ശരിയെന്ന് പറയാന്‍ യുഡിഎഫ് തയ്യാറാകണം, എംടി രമേശ്
1 min readകോഴിക്കോട്: കേരളത്തിലെ ഇടത് സര്‍ക്കാരിനെ പിന്‍വാതിലിലൂടെ ബിജെപി പുറത്താക്കില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. സര്‍വകലാശാലകളെ അഴിമതിയുടെ കേന്ദ്രമാക്കാന്‍ നടക്കുന്ന ആസൂത്രിത ഗൂഡലോചനയുടെ ഭാഗമാണ് ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്നും നീക്കാനുള്ള തീരുമാനമെന്നും എം ടി രമേശ് കുറ്റപ്പെടുത്തി. സിപിഎം നേതാക്കളുടെ ബന്ധുക്കളുടെ പിന്‍വാതില്‍ നിയമനത്തിന് ഗവര്‍ണര്‍ കൂട്ട് നില്‍ക്കാത്തതാണ് ഇതിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണറെ ചാന്‍സ്‌ലര്‍ സ്ഥാനത്ത് നീക്കാനുള്ള തീരുമാനം അപകടകരമാണ്. സര്‍വകലാശാലകളെ പാര്‍ട്ടി കേന്ദ്രമാക്കാന്‍ വേണ്ടിയാണു സിപിഎം തീരുമാനം. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടണോ എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ബീഹാറില്‍ പണ്ട് സര്‍വകലാശാലകളില്‍ നടന്ന അഴിമതിയെ തുടര്‍ന്നാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ പോയതെന്നും അക്കാര്യം എല്ലാവരും ഓര്‍ക്കണമെന്നും എംടി രമേശ് പറഞ്ഞു.
സംസ്ഥാനത്ത് ഇടത് സര്‍ക്കാരിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ പ്രതിപക്ഷം വേട്ടക്കാരനൊപ്പം ഓടുകയും ഇരക്കൊപ്പം നില്‍ക്കുകയുമാണ് ചെയ്യുന്നത്. ആത്മാര്‍ത്ഥതയില്ലാത്ത നിലപാടാണ് യുഡിഎഫിന്റേത്. ഗവര്‍ണറാണ് ശരിയെന്ന് പറയാന്‍ യുഡിഎഫ് നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.