മുഖ്യമന്ത്രിയുടെ വിദേശയാത്ര ചിലവ് കണക്ക് പുറത്ത് വിടണമെന്ന് കെ. സുരേന്ദ്രന്‍
1 min readകോഴിക്കോട്: ഒക്ടോബര്‍ മാസം മുഖ്യമന്ത്രിയും സംഘവും നടത്തിയ വിദേശയാത്രയ്ക്ക് എത്ര രൂപ ചിലവഴിച്ചെന്ന കണക്ക് സംസ്ഥാന സര്‍ക്കാര്‍ പുറത്ത് വിടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ലണ്ടനില്‍ മുഖ്യമന്ത്രിയും സംഘവും ഹോട്ടല്‍ താമസത്തിനും ഭക്ഷണത്തിനും നഗരയാത്രകള്‍ക്കുമായി ചിലവിട്ടത് 43.14 ലക്ഷം രൂപയാണെന്ന് ലണ്ടന്‍ ഹൈക്കമ്മിഷനില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം പുറത്ത് വന്നിരിക്കുകയാണ്. ഇതിന് സര്‍ക്കാര്‍ മറുപടി പറയണമെന്ന് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് വിദേശത്ത് ഉല്ലാസയാത്ര നടത്താന്‍ ഖജനാവിലെ പണം ധൂര്‍ത്തടിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. യാത്രയുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിടാത്തത് ദുരൂഹമാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ചൂണ്ടിക്കാണിച്ചു. നിത്യ ചിലവുകള്‍ക്കുപോലും പണം കണ്ടെത്താനാകാതെ എല്‍ഡിഎഫ് സര്‍ക്കാര്‍ പകച്ചുനില്‍ക്കുമ്പോഴാണ് മുഖ്യമന്ത്രി സകുടുംബം ഉല്ലാസയാത്ര നടത്തുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
മുഖ്യമന്ത്രി നടത്തിയ വിദേശയാത്രകള്‍ കൊണ്ട് സംസ്ഥാനത്തിന് എന്ത് ഗുണമുണ്ടായെന്ന് വ്യക്തമാക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്‍പെട്ടു നട്ടംതിരിയുമ്പോഴും കാലങ്ങളായി തുടരുന്ന ധൂര്‍ത്ത് സര്‍ക്കാര്‍ വര്‍ദ്ധിപ്പിക്കുകയാണ്. കാട്ടിലെ തടി, തേവരുടെ ആന; നമുക്കെന്തു ചേതം. വലിയാനേ വലി എന്നതാണു പിണറായിയുടേയും സിപിഎമ്മിന്റെയും ലൈന്‍. ധൂര്‍ത്തടിക്കുന്ന പണം ജനത്തിന്റേതാണെന്നും അവരോട് അത് വിശദീകരിക്കാന്‍ തങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും സര്‍ക്കാര്‍ മനസിലാക്കണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
കടം വാങ്ങി ശമ്പളവും പെന്‍ഷനും നല്‍കുന്ന സര്‍ക്കാര്‍ പാലിനും വെള്ളത്തിനും വൈദ്യുതിക്കും മദ്യത്തിനും തുടങ്ങി എല്ലാത്തിനും വില കൂട്ടി ജനങ്ങളെ ദുരിതത്തിലാക്കുമ്പോഴാണ് ഇത്തരം ധൂര്‍ത്തും നടത്തുന്നത്. ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത് ലണ്ടനിലെ ചിലവിന്റെ കണക്ക് മാത്രമാണ് മറ്റ് രാജ്യങ്ങളില്‍ ചിലവായ തുകയുടെ വിവരങ്ങള്‍ പുറത്ത് വന്നാല്‍ മാത്രമേ ധൂര്‍ത്തിന്റെ പൂര്‍ണവിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്നും കെ.സുരേന്ദ്രന്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.