ഗുലാബ് ജാമുന്‍ എടുത്തുമാറ്റി എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥര്‍; യുവാവ് ചെയ്തത് ഇങ്ങനെ.
1 min read
തായ് ലണ്ട്: എയര്‍പോര്‍ട്ടില്‍ വെച്ചുള്ള ബാഗേജ് പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ യാത്രക്കാരനില്‍ നിന്നും എടുത്ത് മാറ്റിയത് ഒരു ടിന്‍ ഗുലാബ് ജാമൂന്‍. എന്നാല്‍ വിട്ടുകൊടുക്കാന്‍ യുവാവ് തയ്യാറായില്ല. ടിന്‍ പൊട്ടിച്ച് ഹിമാന്‍ഷു ദേവ്ഗണ്‍ സ്വയം കഴിക്കുകയും ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു. തായ്‌ലന്‍ഡിലെ ഫുക്കറ്റ് വിമാനത്താവളത്തിലാണ് സംഭവം. ഇതിന്റെ വീഡിയോ അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും നിമിഷനേരത്തിനുള്ളില്‍ അത് വൈറലാകുകയും ചെയ്തു.ലഗേജിനൊപ്പം ഹിമാന്‍ഷു കൊണ്ടുപോയ ഒരു ടിന്‍ ഗുലാബ് ജാമുനാണ് ഫുക്കറ്റിലെ പരിശോധനയില്‍ കുടുങ്ങിയത്. ഭക്ഷണ വസ്തുക്കള്‍ കൊണ്ടുപോകാനുള്ള അനുമതി ഇല്ലെന്നും അത് ബാഗില്‍ നിന്ന് എടുത്തുകളയണമെന്നും വിമാനത്താവളത്തിലെ അധികൃതര്‍ ഹിമാന്‍ഷുവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ അത് അവിടെ കളഞ്ഞിട്ടുപോകാന്‍ ഹിമാന്‍ഷുവിന്റെ മനസ് സമ്മതിച്ചില്ല.
അതിന് ഒരു പോംവഴിയും അദ്ദേഹം കണ്ടെത്തി. ടിന്‍ പൊട്ടിച്ച ഹിമാന്‍ഷു അതിലെ ഗുലാബ് ജാമുന്‍ ഉദ്യോഗസ്ഥര്‍ക്കുതന്നെ വിതരണം ചെയ്തു. ചില ജീവനക്കാര്‍ അത് വേഗം വാങ്ങി കഴിച്ചപ്പോള്‍ മറ്റു ചിലര്‍ മടിച്ചുനിന്നു. ഇതിന്റെ വീഡിയോ അദ്ദേഹം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
‘ഈ ദിവസത്തിന് മികച്ച തുടക്കം’ എന്ന ക്യാപ്ഷനോടെയാണ് ഹിമാന്‍ഷു വീഡിയോ പോസ്റ്റ് ചെയ്തത്. ഇതുവരെ 1.2 മില്ല്യണ്‍ ആളുകള്‍ ഈ വീഡിയോ കണ്ടു. അമ്പതിനായിരത്തില്‍ അധികം പേര്‍ ലൈക്കും ചെയ്തു. ഇതിന് താഴെ നിരവധി പേര്‍ പ്രതികരണവും അറിയിച്ചു.
മധുരപ്രതികാരമെന്നാണ് മിക്കവരും കമന്റ് ചെയ്തത്. സമാനമായ അനുഭവം ലണ്ടന്‍ വിമാനത്താവളത്തില്‍ നേരിട്ടിട്ടുണ്ടെന്ന് മറ്റൊരാള്‍ പ്രതികരിച്ചു. വേസ്റ്റ് ബിന്നിലിലേക്ക് കളയുന്നതിനേക്കാള്‍ നല്ലത് ഇതാണെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.