മണി ഹെയ്സ്റ്റ് മോഡല്‍ ബാങ്ക് കൊള്ള; മുഖ്യസൂത്രധാരനായ ബാങ്കര്‍ പിടിയില്‍

1 min read

മുംബൈ : ആഗോളതലത്തില്‍ ഹിറ്റായ നെറ്റ്ഫ്‌ലിക്‌സ് ഷോ ‘മണി ഹീസ്റ്റ്’ മാതൃകയില്‍ മഹാരാഷ്ട്രയില്‍ ബാങ്ക് കവര്‍ച്ച. ഒരു വര്‍ഷം നീണ്ട ആസൂത്രണത്തിനൊടുവില്‍ നടത്തിയ കവര്‍ച്ചയുടെ മുഖ്യപ്രതി 43 കാരനായ അല്‍ത്താഫ് ഷെയ്ഖ് പിടിയില്‍. ഇയാളില്‍ നിന്ന് 9 കോടി രൂപ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. ബാങ്കിലെ നിലവറകളുടെ സൂക്ഷിപ്പുകാരനായി ജോലി ചെയ്തിരുന്ന ഇയാള്‍ വന്‍ കവര്‍ച്ചയ്ക്ക് പദ്ധതിയിട്ടിരുന്നു. ഇയാളുടെ സഹോദരി നീലോഫറും അറസ്റ്റിലായതായി പൊലീസ് പറഞ്ഞു.

ഈ വര്‍ഷം ജൂലൈയില്‍ നടന്ന കവര്‍ച്ചയെക്കുറിച്ചുള്ള അന്വേഷണത്തില്‍ താനെയിലെ ഐസിഐസിഐ ബാങ്ക് ശാഖയില്‍ നിന്ന് 22 കോടി രൂപ കണ്ടെടുത്തിരുന്നു. നേരത്തേ അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും അവരില്‍ നിന്ന് 12 കോടി രൂപ കണ്ടെടുക്കുകയും ചെയ്തിരുന്നു. ‘മുംബൈ നിവാസിയായ ഷെയ്ഖ്, ഐസിഐസിഐ ബാങ്കില്‍ കസ്റ്റോഡിയനായി ജോലി ചെയ്തു വരികയായിരുന്നു. കസ്റ്റോഡിയന്‍ എന്ന നിലയില്‍, ബാങ്കിന്റെ ലോക്കര്‍ താക്കോല്‍ സൂക്ഷിപ്പുകാരനായിരുന്നു ഇയാള്‍. കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനും, സിസ്റ്റത്തിലെ പഴുതുകള്‍ പഠിക്കുന്നതിനും, ഉപകരണങ്ങള്‍ ശേഖരിക്കുന്നതിനുമായി ഇയാള്‍ ഒരു വര്‍ഷം ചെലവഴിച്ചു’ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

എസി ഡക്റ്റ് വീതികൂട്ടി ചവറ്റുകുട്ടയിലേക്ക് പണം കടത്തിവിടുകയും സിസിടിവി ദൃശ്യങ്ങളില്‍ കൃത്രിമം കാട്ടുകയും ചെയ്താണു ഷെയ്ഖ് മുഴുവന്‍ കവര്‍ച്ചയും ആസൂത്രണം ചെയ്തതെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. അലാം സംവിധാനം നിര്‍ജ്ജീവമാക്കുകയും സിസിടിവി സംവിധാനം അട്ടിമറിക്കുകയും ചെയ്ത ശേഷം ഷെയ്ഖ് ബാങ്ക് നിലവറ തുറന്ന് പണം കുഴലിലേക്കും താഴെയുള്ള കൊട്ടയിലേക്കും മാറ്റുകയായിരുന്നു. ഡിവിആറും സെക്യൂരിറ്റി പണവും നഷ്ടപ്പെട്ടതായി ബാങ്ക് മനസ്സിലാക്കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

Related posts:

Leave a Reply

Your email address will not be published.