സ്ത്രീസുരക്ഷാ സന്ദേശവുമായി എത്തിയ പെണ്‍കുട്ടിക്ക് അവഗണന വിഷയത്തില്‍ ഇടപെട്ട് ആലപ്പുഴ കലക്ടര്‍
1 min readഇന്ത്യയില്‍ സ്ത്രീ സുരക്ഷിതരാണെന്ന സന്ദേശം ലോകത്തെ അറിയിക്കാന്‍ സൈക്കിളില്‍ ഭാരതപര്യടനം നടത്തുന്ന യുവതിക്ക് ആലപ്പുഴയില്‍ സുരക്ഷ ഒരുക്കിയത് കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ. മധ്യപ്രദേശുകാരിയായ 24കാരി ആശാ മാളവ്യ എന്ന കായികതാരത്തിനാണ് തന്റെ യാത്രയ്ക്കിടയില്‍ അവഗണന നേരിടേണ്ടി വന്നത്.
സൈക്കിള്‍ യാത്രയ്ക്കിടെ രാത്രിതാമസത്തിനും ഭക്ഷണത്തിനുമായി മറ്റൊരു ജില്ലയിലെ അധികൃതരെ സമീപിച്ചെങ്കിലും അവര്‍ കൈയൊഴിഞ്ഞു. വിശന്ന് പാതിരാത്രിയില്‍ ആലപ്പുഴയില്‍ സൈക്കിള്‍ ചവിട്ടിയെത്തിയ ആശയ്ക്കു ഭക്ഷണവും താമസവും ഏര്‍പ്പെടുത്തിയത് കളക്ടറാണ്.
‘സ്ത്രീസുരക്ഷാസ്ത്രീ ശാക്തീകരണം’ എന്ന മുദ്രാവാക്യമുയര്‍ത്തി ഒറ്റയ്ക്കു സഞ്ചരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആശ മധ്യപ്രദേശ് സര്‍ക്കാരിന്റെ പിന്തുണയോടെ യാത്ര തുടങ്ങിയത്.
ആശയ്ക്കുവേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ വിവിധ മുഖ്യമന്ത്രിമാരോട് അഭ്യര്‍ഥിച്ചിരുന്നു. ഇതുപ്രകാരം സമീപിച്ചപ്പോഴാണ് മറ്റൊരു ജില്ലയില്‍ മോശം അനുഭവമുണ്ടായത്.
ആലപ്പുഴ കളക്ടറുടെ മുന്നിലെത്തിയ ഉടന്‍ അദ്ദേഹം കെ.ടി.ഡി.സി.യില്‍ താമസവും ഭക്ഷണവും ഒരുക്കിനല്‍കി. ആശ തിരുവനന്തപുരത്തേക്കു പുറപ്പെട്ടു.
ദേശീയ കായിക താരവും പര്‍വതാരോഹകയുമായ ആശ സൈക്കിളില്‍ 20,000 കി.മീറ്റര്‍ ആണ് ലക്ഷ്യമിടുന്നത്. യാത്ര കണ്ണൂരിലെത്തിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെയും കോഴിക്കോട് വെച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും നേരില്‍ കണ്ടിരുന്നു.
നവംബര്‍ ഒന്നിന് ഭോപ്പാലില്‍ നിന്ന് പുറപ്പെട്ട് ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക സംസ്ഥാനങ്ങള്‍ സഞ്ചരിച്ചാണ് ഇവര്‍ കേരളത്തിലെത്തിയത്. തമിഴ്‌നാട്, കര്‍ണാടക, ഒഡിഷ വഴി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും ജമ്മു ആന്‍ഡ് കശ്മീരും പിന്നിട്ട് ദില്ലയില്‍ അടുത്ത വര്‍ഷം ഓഗസ്‌റ്റോടെയാണ് യാത്ര പൂര്‍ത്തിയാക്കുക.
മധ്യപ്രദേശിലെ രാജ്ഘര്‍ ജില്ലയിലെ നടാറാം ഗ്രാമത്തിലെ സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ആശ ദേശീയ കായിക മത്സരങ്ങളില്‍ അത്‌ലറ്റിക്‌സില്‍ മൂന്ന് തവണ നേട്ടം കൈവരിച്ചിട്ടുണ്ട്. കേരളത്തില്‍ സ്ത്രീകള്‍ സുരക്ഷിതരാണെന്നും മികച്ച സ്വീകരണമാണിവിടെ ലഭിച്ചതെന്നും ആശ പറഞ്ഞു.