മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രധാനമന്ത്രിയെ കണ്ടു
1 min read
മാര്‍പ്പാപ്പയുടെ ഇന്ത്യ സന്ദര്‍ശനം വേഗത്തിലാക്കാന്‍ ശ്രമിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിബിസിഐയുടെ പുതിയ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ബഫര്‍സോണ്‍ വിഷയം ചര്‍ച്ചയായില്ലെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.

രാവിലെ പതിനൊന്നിനാണ് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ സാന്നിധ്യത്തില്‍ സിബിസിഐ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രധാനമന്ത്രിയെ കണ്ടത്. പതിനഞ്ച് മിനിറ്റ് നീണ്ട് നിന്ന ചര്‍ച്ചയില്‍ മാര്‍പ്പാപ്പയുടെ ഇന്ത്യ സന്ദര്‍ശനമാണ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രധാനമായും ഉന്നയിച്ചത്. ക്രൈസ്തവ സഭ സ്ഥാപനങ്ങളുടെ പൊതുവായ വിഷയങ്ങളും ചര്‍ച്ചയായെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അറിയിച്ചു. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിനെക്കുറിച്ച് പുറത്തു വരുന്ന വിവരങ്ങളില്‍ സിബിസിഐ നേരത്തെ ആശങ്ക അറിയിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ചര്‍ച്ചയില്‍ വന്നില്ലെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ബഫര്‍ സോണ്‍ വിഷയവും ഉന്നയിച്ചില്ല.
മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചതായി നേരത്തെ പ്രധാനമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ ഉടന്‍ ഇക്കാര്യത്തില്‍ കേന്ദ്രം നടപടി എടുത്തില്ലെങ്കില്‍ അടുത്ത വര്‍ഷം സന്ദര്‍ശനം ഉണ്ടാകില്ലെന്നാണ് ക്രിസ്ത്യന്‍ സഭ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ക്രൈസ്തവ സഭയെ കൂടെ നിറുത്താന്‍ ബിജെപി ശ്രമിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ കണ്ടത്.