കോഴിക്കോട് ബീച്ചിലെ അനധികൃത കെട്ടിട നിര്‍മ്മാണത്തില്‍ സ്പീക്കര്‍ ഷംസീറിന്റെ സഹോദരനും പങ്ക്?
1 min readകോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിലെ അനധികൃത കെട്ടിട നിര്‍മ്മാണത്തില്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ സഹോദനും പങ്കുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. തുറമുഖ വകുപ്പിന്റെ സ്ഥലം നിസ്സാര വിലയ്ക്ക് പാട്ടത്തിനെടുത്തത് ഷംസീറിന്റെ സഹോദരന്‍ ഷാഹിര്‍ മാനേജിംഗ് ഡയറക്ടറായ സ്ഥാപനമാണെന്ന് വ്യക്തമായി. വഴിവിട്ട നീക്കത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സമരം തുടങ്ങാനാണ് കോണ്‍ഗ്രസ് തീരുമാനം.
സൗത്ത് ബീച്ചിന്റെ നവീകരണത്തിനെന്ന പേരിലാണ് തുറമുഖ വകുപ്പ് ഈ കെട്ടിടം 10 വര്‍ഷത്തേക്ക് കണ്ണൂര്‍ ആസ്ഥാനമായ പ്രദീപ് ആന്‍ഡ് പാര്‍ട്‌ണേഴ്‌സ് എന്ന സ്ഥാപനത്തിന് പാട്ടത്തിന് നല്‍കിയത്. ടെന്‍ഡര്‍ വിളിക്കാതെയാണ് കോഴിക്കോട് ബീച്ചിന്റെ ഹൃദയഭാഗത്തുള്ള കണ്ണായ സ്ഥലം കരാറാക്കി നല്‍കിയത്. പിന്നാലെ കെട്ടിടം പുതുക്കി പണിയാനുള്ള നീക്കം കരാറുകാര്‍ തുടങ്ങി. എന്നാല്‍ തീരദേശപരിപാലന അതോറിറ്റിയുടെ അനുമതി വാങ്ങാതെയുള്ള നിര്‍മ്മാണം കോര്‍പറേഷന്‍ തടഞ്ഞു. ഇതോടെയാണ് തുറമുഖ വകുപ്പിന്റെ വഴിവിട്ട നീക്കങ്ങള്‍ പുറത്തുവന്നത്.
രണ്ട് ലക്ഷം രൂപ വരെ മാസ വാടക കിട്ടിയിരുന്ന കെട്ടിടം വെറും 45,000 രൂപയ്ക്കാണ് പാട്ടത്തിന് നല്‍കിയത്. സിപിഎം ഉന്നതന്റെ ബന്ധുവിന് വേണ്ടിയാണ് ഈ വഴിവിട്ട നീക്കം എന്ന ആരോപണം തുടക്കത്തിലെ ഉയര്‍ന്നിരുന്നു. ഇത് തെളിയിക്കുന്ന വിവരാവകാശ രേഖയാണിത്. തുറമുഖ വകുപ്പുമായി കരാറില്‍ ഏര്‍പ്പെട്ട സ്ഥാപനത്തിന്റെ ഉടമകളില്‍ ഒരാള്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ സഹോദരന്‍ എ.എന്‍. ഷാഹിര്‍.
എന്നാല്‍ നടപടിക്രമങ്ങള്‍ പാലിച്ചാണ് കെട്ടിടം വിട്ടുനല്‍കിയതെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് തുറമുഖ വകുപ്പ്. വാടകയ്ക്ക് പുറമെ പ്രദീപ് ആന്‍ഡ് പാട്‌ണേഴ്‌സിന്റെ മൂന്ന് കോടിയോളം രൂപ നിക്ഷേപവും വാങ്ങിയിട്ടുണ്ട്. ഇത് വകുപ്പിന് മുതല്‍ക്കൂട്ടാകുമെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു.