എടപ്പാളില്‍ വിദ്യാര്‍ത്ഥികളെ ഇടിച്ചിടാന്‍ ശ്രമിച്ച ബസിനും ഡ്രൈവര്‍ക്കും പണികൊടുത്ത് പൊലീസും മോട്ടോര്‍ വാഹന വകുപ്പും

1 min read

മലപ്പുറം: എടപ്പാള്‍ നടുവട്ടത് വിദ്യാര്‍ത്ഥികളെ ഇടിച്ചിടാന്‍ ശ്രമിച്ച ബസ് ഡ്രൈവര്‍ക്കെതിരെ നടപടി. സ്റ്റോപ്പില്‍ നിര്‍ത്താത്തതിനെ തുടര്‍ന്ന് പ്രതിഷേധിച്ച് ബസ് തടഞ്ഞ കുട്ടികളുടെ ഇടയിലേക്ക് ബസ് ഓടിക്കുകയായിരുന്നു. ഭാഗ്യത്തിനാണ് നടുവട്ടം ഐടിഐ യിലെ വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടത്. ബസിന് മുന്നില്‍ കയറി നിന്ന് വിദ്യാര്‍ത്ഥികള്‍ നിര്‍ത്താനാവശ്യപ്പെടുമ്പോള്‍, അത് വകവയ്ക്കാതെ ബസ് മുന്നോട്ടെടുത്ത് ഇടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ബസ് ജീവനക്കാരെയും ഉടമയെയും വിളിച്ചു വരുത്തിയ പൊലീസ് 3000 രൂപ പിഴ ഈടാക്കി.

ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ഡ്രൈവറോട് നേരിട്ട് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. നടുവട്ടം സെന്ററില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സൂപ്പര്‍ ഫാസ്റ്റ് ബസിന് ആ സ്ഥലത്ത് സ്റ്റോപ്പില്ല എന്ന മറുപടിയാണ് പൊലീസിനോട് ബസുകാര്‍ നല്‍കിയത്.

അതേസമയം, പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്. പ്രദേശവാസികള്‍ തന്നെയാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. കെഎസ്ആര്‍ടിസി ചിറ്റൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ രാധാകൃഷ്ണനാണ് മര്‍ദ്ദനമേറ്റത്. ബസിന് കുറുകെ ബൈക്ക് നിര്‍ത്തി 2 യുവാക്കള്‍ മര്‍ദ്ദിക്കുകയായിരുന്നു. വൈകീട്ട് 7നാണ് സംഭവം. ഡ്രൈവര്‍ രാധാകൃഷ്ണന്‍ കൊഴിഞ്ഞാമ്പാറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മര്‍ദ്ദിച്ചവരെ ആദ്യമായി കാണുകയാണെന്ന് ഇയാള്‍ പറയുന്നു.

എന്തിനാണ് മര്‍ദ്ദിച്ചത് എന്നറിയില്ലെന്നും രാധാകൃഷ്ണന്‍ വ്യക്തമാക്കി. പൊള്ളാച്ചിയിലേക്ക് പോകുകയായിരുന്ന ബസിന്റെ ഡ്രൈവറായിരുന്നു രാധാകൃഷ്ണന്‍. കൊഴിഞ്ഞാമ്പാറ ബസ് സ്റ്റാന്‍ഡിലേക്ക് ബസ് കയറുന്നതിന് മുമ്പാണ് സംഭവം. ഇവര്‍ സഞ്ചരിച്ച ബൈക്കിന്റെ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ യുവാക്കളെ മുന്‍പരിചയമില്ലെന്ന് രാധാകൃഷ്ണന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കേസായതോട് കൂടി യുവാക്കള്‍ ഒളിവിലാണ്.

Related posts:

Leave a Reply

Your email address will not be published.