ആര്‍ത്തവാവധി മുഴുവന്‍ സര്‍വകലാശാലകളിലും അനുവദിക്കണമെന്ന് എബിവിപി

1 min read

കൊച്ചി: ശാസ്ത്രസാങ്കേതിക സര്‍വകലാശാല (കുസാറ്റ്) ആര്‍ത്തവ അവധി അനുവദിച്ച മാതൃകയില്‍ കേരളത്തിലെ മുഴുവന്‍ സര്‍വകലാശാലകളിലും ആര്‍ത്തവ അവധി അനുവദിക്കണമെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി കല്ല്യാണി ചന്ദ്രന്‍. പെണ്‍കുട്ടികളുടെ നിരവധി കാലത്തെ ആവശ്യമാണ് കുസാറ്റ് സര്‍വകലാശാല അംഗീകരിച്ചിരിക്കുന്നത്. ആ മാതൃക ഏറ്റെടുക്കാന്‍ മറ്റ് സര്‍വകലാശാലകളും തയ്യാറാവണം. വിദ്യാഭ്യാസമന്ത്രിക്ക് ഇതുമായി ബന്ധപ്പെട്ട് കത്തയച്ചുവെന്നും ആവശ്യമുന്നയിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രിയെ നേരില്‍ കണ്ട് സംസാരിക്കുമെന്നും എബിവിപി പറഞ്ഞു.

ആര്‍ത്തവ സമയത്ത് അവധി നിഷേധിക്കുന്നത് ഭരണഘടനയുടെ 14ാം അനുച്ഛേദത്തിന്റെ ലംഘനമാണ്. ആര്‍ത്തവം ഒളിച്ചുവയ്ക്കപ്പെടാനും അയിത്തപ്പെടാനും ഉള്ളതാണെന്ന ധാരണ നമ്മുടെ സമൂഹത്തില്‍ ആഴത്തില്‍ വേരൂന്നിയിരിക്കുന്നു. സ്ത്രീസൗഹൃദമെന്ന് നമ്മളവകാശപ്പെടുമ്പോഴും തൊഴിലിടങ്ങളില്‍ അവധി ലഭിക്കാതെ കഷ്ടപ്പെട്ട് ജോലി ചെയ്യേണ്ടിവരുന്ന സ്ത്രീകള്‍ ഏറെയാണ്. സ്വയം പഴിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ അവര്‍ക്കുമുന്നില്‍ ഇല്ലാതെ, മാസത്തില്‍ അഞ്ചോ ആറോ ദിനം സ്ഥിരമായി ഇത്തരം ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുകയാണ് സ്ത്രീകള്‍ ഇപ്പോഴും. ഇത്തരം സാഹചര്യങ്ങള്‍ മാറേണ്ടതുണ്ടെന്നും എബിവിപി അഭിപ്രായപ്പെട്ടു.

വിദ്യാര്‍ത്ഥിനികളുടെ കാര്യമാണെങ്കില്‍ പരീക്ഷയെഴുതാനുള്ള മിനിമം ഹാജര്‍ ഇല്ലെങ്കില്‍ ആര്‍ത്തവദിനങ്ങളില്‍ ക്ലാസുകളില്‍ ഇരുന്ന് ആ നിമിഷങ്ങളെ തള്ളിനീക്കേണ്ടിവരുന്ന അവസ്ഥയാണ്. അവധി നല്‍കിയാല്‍ ആ ദിനങ്ങളില്‍ ആവശ്യത്തിന് വിശ്രമമെടുക്കാന്‍ കഴിയും. ഇന്ത്യന്‍ കമ്പനികളായ സൊമാറ്റോ, ബൈജൂസ്, സ്വിഗ്ഗി, മാഗ്സ്റ്റര്‍, ഇന്‍ഡസ്ട്രി, എആര്‍സി, ഫ്‌ളൈമൈബിസ്, ഗോസൂപ്പ് എന്നീ രാജ്യത്തെ ഒരു കൂട്ടം സ്ഥാപനങ്ങള്‍ ശമ്പളത്തോടുകൂടിയ ആര്‍ത്തവ അവധി സ്ത്രീകള്‍ക്ക് നല്‍കുന്നുണ്ട്. ഇത്തരം മാതൃകകള്‍ സമൂഹം ഏറ്റെടുക്കണം. കുസാറ്റിന്റെ മാതൃകയില്‍ മുഴുവന്‍ സര്‍വകലാശാലകളും ആര്‍ത്തവ അവധി അനുവദിക്കാന്‍ തയ്യാറാവണമെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി കല്ല്യാണി ചന്ദ്രന്‍ ആവശ്യപ്പെട്ടു.

Related posts:

Leave a Reply

Your email address will not be published.