പ്രിയ വര്‍ഗ്ഗീസിന്റെ എഫ്ബി പോസ്റ്റിനെതിരെ ഹൈക്കോടതി
1 min readകൊച്ചി: ഇന്നലെ നടന്ന വാദത്തിനിടെ നടത്തിയ പരാമര്‍ശങ്ങളെ എതിര്‍ത്ത് ഫേസ്ബുക്ക് പോസ്റ്റിട്ട പ്രിയ വര്‍ഗ്ഗീസിനെതിരെ ഹൈക്കോടതി. കക്ഷികള്‍ കോടതിയെ ശത്രുവായി കാണേണ്ട സാഹചര്യമില്ലെന്നും എന്‍എസ്എസിനോട് കോടതിക്ക് യാതൊരു ബഹുമാനക്കുറവും ഇല്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
അസുഖകരമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. കോടതിയില്‍ കേസിന്റെ ഭാഗമായി നിരവധി കാര്യങ്ങള്‍ പറയും. കോടതിയില്‍ സംഭവിച്ചത് അവിടെ അവസാനിക്കണം. കുഴിവെട്ട് എന്നൊരു കാര്യം പറഞ്ഞതായി പോലും ഓര്‍ക്കുന്നില്ല. നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ ഭാഗമായി പല കാര്യങ്ങളും അധ്യാപകര്‍ ചെയ്തിട്ടുണ്ടാവാം. അതിന്റെ അധ്യാപന പരിചയമായി കണക്കാക്കാന്‍ പറ്റുമോ എന്നാണ് ഹൈക്കോടതി പരിശോധിച്ചത്. കോടതിയില്‍ പല കാര്യങ്ങളും വാദത്തിനിടയില്‍ പറയും. പക്ഷേ പൊതുജനത്തിന് അത് ആ നിലയില്‍ മനസ്സിലാവണം എന്നില്ല. കക്ഷികള്‍ കോടതിയെ ശത്രുവായി കാണേണ്ട ആവശ്യമില്ല. കോടതിയില്‍ പറയുന്ന കാര്യങ്ങളില്‍ നിന്നും പലതും അടര്‍ത്തിയെടുത്ത് വാര്‍ത്ത നല്‍കുന്ന നിലയാണ് ഇപ്പോള്‍ ഉള്ളത്. കക്ഷികള്‍ അങ്ങനെ ചെയ്യാന്‍ പാടില്ല. പ്രിയ വര്‍ഗ്ഗീസിന്റെ കേസില്‍വിധി പറയും മുന്‍പ് ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
യുജിസി ചട്ടം ലംഘിച്ചാണ് പ്രിയ വര്‍ഗീസിനെ റാങ്ക് പട്ടികയില്‍ ഒന്നാമതാക്കിയതെന്നും പട്ടികകയില്‍ നിന്ന് പ്രിയ വര്‍ഗീസിനെ നീക്കണമെന്നും ആവശ്യപ്പെട്ട് രണ്ടാം റാങ്കുകാരനായ പ്രോഫ. ജോസഫ് സ്‌കറിയ ആണ് ഹൈക്കോടതിയെ സമീപിച്ചത്. യുജിസി ചട്ടപ്രകാരം മാത്രമേ പ്രിയ വര്‍ഗീസിന്റെ നിയമനവുമായി മുന്നോട്ട് പോകാന്‍ ആവുകളുള്ളൂവെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
പ്രിയ വര്‍ഗീസിന് മതിയായ യോഗ്യതയില്ലെന്നാണ് യുജിസി കോടതിയെ അറിയിച്ചിട്ടുള്ളത്. എന്‍എസ്എസ് കോര്‍ഡിനേറ്ററായിട്ടുള്ള പ്രവൃത്തി പരിചയത്തെ അധ്യാപന പരിചയമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതിയും വ്യക്തമായിട്ടുണ്ട്. അതസമയം പ്രിയ വര്‍ഗീസ് മതിയായ അധ്യാപന പരിചയമുണ്ടെന്നായിരുന്നു നിയമനം നടത്തിയിട്ടില്ലാത്തതിനാല്‍ ഇപ്പോള്‍ ഹര്‍ജി നിലനില്‍ക്കില്ലെന്നുമാണ് സര്‍വ്വകലാശാല നിലപാട്.
എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ ആയി കുഴിവെട്ടാന്‍ പോയതിനെ അധ്യാപന പരിചയമായി കണക്കാക്കാന്‍ കഴിയില്ലെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ പരാമര്‍ശത്തിന് മറുപടിയുമായി ഇന്നലെ പ്രിയ വര്‍ഗ്ഗീസ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. നാഷണല്‍ സര്‍വീസ് സ്‌കീമിനു വേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രമാണെന്നാണ് പ്രിയ വര്‍ഗ്ഗീസ് ഫേസ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ എഫ്.ബി പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ രണ്ടു മണിക്കൂറിനകം ഫേസ് ബുക്കില്‍ നിന്നും പ്രിയ കുറിപ്പ് പിന്‍വലിച്ച് തടിതപ്പി.