സഹോദരിമാരെ പീഡിപ്പിച്ച കേസില്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്കെതിരെ പോക്‌സോ കേസ്
1 min readകോഴിക്കോട് : കോഴിക്കോട്ട് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരായ രണ്ട് കുട്ടികളെ പീഡിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ക്കെതിരെ പോക്‌സോ കേസ്. കോഴിക്കോട് കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിപിഒ വിനോദ് കുമാറിനെതിരെയാണ് പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. കഴിഞ്ഞ രണ്ടുവര്‍ഷക്കാലത്തിനിടെ നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതി. ഇവരുടെ അമ്മയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ മറ്റൊരു കേസും ഇയാള്‍ക്കെതിരെ എടുത്തിട്ടുണ്ട്. കോഴിക്കോട് കൂരാച്ചുണ്ട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിനോദ് കുമാര്‍ ഒളിവിലാണെന്നാണ് വിവരം. കുട്ടികളുടെ അമ്മയാണ് വിനോദിനെതിരെ പരാതി നല്‍കിയത്. പരാതിക്കാരുടെ രഹസ്യമൊഴിയെടുത്ത ശേഷം കൂടുതല്‍ നടപടികളുമായി മുന്നോട്ട് പോകുമെന്ന് പൊലീസ് അറിയിച്ചു.
തൃക്കാക്കര കൂട്ടബലാത്സംഗക്കേസിനും അമ്പലവയല്‍ പോക്‌സോ കേസ് അതിജീവിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിനും പിന്നാലെയാണ് പൊലീസ് സേനയ്ക്കാകെ നാണക്കേടായി കോഴിക്കോട്ടും പോക്‌സോ കേസില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പ്രതിയാകുന്നത്. തൃക്കാക്കര കൂട്ട ബലാത്സംഗ കേസില്‍ കോഴിക്കോട് കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ആര്‍.സുനുവിനെ കഴിഞ്ഞ ദിവസമാണ് കസ്റ്റഡിയിലെടുത്തത്. വയനാട്ടില്‍ പോക്‌സോ കേസ് അതിജീവിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഗ്രേഡ് എഎസ്‌ഐ ടി ജി ബാബുവിനെ ഇതുവരെയും പിടികൂടാനായിട്ടില്ല.
തൃക്കാക്കര കൂട്ടബലാത്സംഗക്കേസില്‍ ഏഴ് പ്രതികളാണുള്ളത്. ഇതില്‍ അഞ്ച് പേര്‍ കസ്റ്റഡിയിലാണ്. കണ്ടാലറിയാവുന്ന രണ്ട് പ്രതികളെ പിടികൂടാനുണ്ട്. പരാതിക്കാരിയുടെ വീട്ടുജോലിക്കാരിയായിരുന്ന വിജയലക്ഷ്മിയാണ് കേസിലെ ഒന്നാം പ്രതി. വിജയലക്ഷ്മിയുടെ സുഹൃത്ത് രാജീവാണ് രണ്ടാം പ്രതി. സിഐ സുനു മൂന്നാം പ്രതിയാണ്. തൃക്കാക്കര സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് കോഴിക്കോട് കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ആര്‍.സുനുവിനെ കസ്റ്റഡിയിലെടുത്തത്. ഇന്‍സ്‌പെക്ടര്‍ സുനു ഉള്‍പ്പെടുന്ന സംഘം തൃക്കാക്കരയില്‍ വച്ച് തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു വീട്ടമ്മയുടെ പരാതി. കേസെടുത്ത് അന്വേഷണം നടത്തിയ ശേഷമാണ് തൃക്കാക്കര പൊലീസ് കോഴിക്കോടെത്തി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സുനുവിനെ കസ്റ്റഡിയിലെടുത്തത്.
സിഐ പി ആര്‍ സുനു നേരത്തെ മറ്റൊരു ബലാത്സംഗ കേസിലും റിമാന്‍ഡിലായ വ്യക്തിയാണ്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ സമാനമായ മറ്റ് രണ്ട് കേസുകളും ഈ ഉദ്യോഗസ്ഥനെതിരെയുണ്ട്. കേസുകളില്‍ വകുപ്പു തല നടപടി കഴിയും മുന്‍പാണ് വീണ്ടും സമാന കുറ്റകൃത്യത്തില്‍ പ്രതിയാകുന്നത്. മുളവുകാട് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ആയിരിക്കെ 2021 ഫെബ്രുവരിയിലാണ് ബിടെക് ബിരുദദാരിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ സുനു പിടിയിലാകുന്നത്. സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ യുവതിയുമായി അടുപ്പം സ്ഥാപിച്ച് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു പരാതി. സെന്‍ട്രല്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈക്കോടതി ജാമ്യം തള്ളിയതോടെ സുനു അറസ്റ്റിലായി. റിമാന്‍ഡിലായ സുനുവിനെതിരെ പിന്നീട് വകുപ്പു തല നടപടി ഉണ്ടായിരുന്നു.
അതേ സമയം, വയനാട്ടില്‍ പോക്‌സോ കേസ് അതിജീവിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഗ്രേഡ് എഎസ്‌ഐ ടി ജി ബാബുവിനെ ഇതുവരെ പിടികൂടാനായില്ല. പ്രതി ഒളിവില്‍ കഴിയുകയാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചനയുണ്ട്. പോക്‌സോയ്ക്ക് പുറമെ എസ് ഇ എസ് ടി അതിക്രമ നിരോധന വകുപ്പും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.