ജോഡോ യാത്രക്കിടെ ഗുജറാത്തില്‍ പ്രചാരണത്തിന് രാഹുല്‍ എത്തും

1 min read

ഭാരത് ജോഡോ യാത്രയുടെ ഇടവേളയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നവംബര്‍ 22 ന് ഗുജറാത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തും. ഡിസംബര്‍ 1, 5 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 8 ന് വോട്ടെണ്ണല്‍.

ഇന്നലെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ഹിമാചല്‍ പ്രദേശില്‍ രാഹുല്‍ പ്രചാരണത്തിന് എത്താതിരുന്നത് ബിജെപി രാഷ്ട്രീയ ആയുധമാക്കിയിരുന്നു. ഹിമാചലില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോണ്‍ഗ്രസ് ഗുജറാത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍, പ്രമുഖ പാര്‍ട്ടി നേതാക്കളുടെ നിരവധി പ്രചാരണ റാലികള്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ് നടത്തും.

അതേസമയം, ഗുജറാത്ത് തെരഞ്ഞെടുപ്പിനുള്ള ആറാം സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി. ഈ ഏറ്റവും പുതിയ പട്ടിക പുറത്തുവന്നതോടെ സംസ്ഥാനത്തെ 142 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രഖ്യാപിച്ചു.

43 സ്ഥാനാര്‍ത്ഥികളെ ഉള്‍പ്പെടുത്തി നവംബര്‍ നാലിന് കോണ്‍ഗ്രസ് ആദ്യ പട്ടിക പ്രഖ്യാപിച്ചിരുന്നു. 46 പേരടങ്ങുന്ന രണ്ടാം പട്ടിക നവംബര്‍ 10ന് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ഏഴ് പേരുടെ പട്ടികയാണ് പുറത്തുവിട്ടത്.

അതേ സമയം ഗുജറാത്തില്‍ കഴിഞ്ഞ തവണ നടത്തിയ പ്രകടനം ആവര്‍ത്തിക്കാന്‍ സാധിക്കുമോ എന്ന കടുത്ത ആശങ്കയിലാണ് ഗുജറാത്ത് കോണ്‍ഗ്രസ് നിരവധി എംഎല്‍എമാരാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പാര്‍ട്ടി മാറിയത്. ഇതില്‍ പലര്‍ക്കും ബിജെപി സീറ്റും നല്‍കി. അതിനൊപ്പം തന്നെ കോണ്‍ഗ്രസ് വോട്ടുകളില്‍ ആംആദ്മി പാര്‍ട്ടി വിള്ളല്‍ വീഴ്ത്തും എന്ന പ്രവചനങ്ങളും കോണ്‍ഗ്രസിന് ഗുജറാത്തില്‍ വെല്ലുവിളിയാകുന്നുണ്ട്.

അതേ സമയം രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിന്റെ സമയക്രമം കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടില്ല. നേരത്തെ തന്നെ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ രാഹുല്‍ എത്താത്തത് കോണ്‍ഗ്രസിലെ നേതാക്കള്‍ അടക്കം പരാമര്‍ശിച്ചിരുന്നു.

Related posts:

Leave a Reply

Your email address will not be published.