കത്ത് നല്‍കിയിട്ടില്ലെന്ന് മേയര്‍, ആര്യയുടേയും ആനാവൂരിന്റെയും മൊഴിയെടുത്ത് വിജിലന്‍സ്

1 min read

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനിലെ കരാര്‍ നിയമനത്തിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ ലിസ്റ്റ് ആവശ്യപ്പെട്ടുളള വിവാദ കത്തില്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെയും മേയര്‍ ആര്യാ രാജേന്ദ്രന്റെയും മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. കത്തിനെ കുറിച്ച് അറിയില്ലെന്നും കോര്‍പ്പറേഷനിലെ നിയമനങ്ങളില്‍ ഇടപടാറില്ലെന്നുമാണ് ആനാവൂരിന്റെ മൊഴി. കത്ത് നല്‍കിയിട്ടില്ലെന്ന് മേയര്‍ ആര്യാ രാജേന്ദ്രനും മൊഴി നല്‍കി. വീട്ടില്‍ വെച്ചാണ് മേയറുടെ മൊഴി രേഖപ്പെടുത്തിയത്. ക്രൈംബ്രാഞ്ചിന് പിന്നാലെയാണ് വിജിലന്‍സും വിവാദ കത്തില്‍ അന്വേഷണം നടത്തുന്നത്. പരാതി നല്‍കിയ കോണ്‍ണഗ്രസ് നേതാവും മുന്‍ കൗണ്‍സിലറുമായ ശ്രീകുമാറില്‍ നിന്നും വിജിലന്‍സ് മൊഴിയെടുത്തു

അതേ സമയം, കത്ത് വിവാദത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തിയതില്‍ സര്‍വത്ര ആശയക്കുഴപ്പമാണ്. ക്രൈം ബ്രാഞ്ചിന് നേരിട്ട് മൊഴി നല്‍കിയെന്നാണ് ആനാവൂര്‍ നാഗപ്പന്‍ നല്‍കിയ വിശദീകരണം. സിപിഎം ജില്ലാ സെക്രട്ടറി ഇങ്ങിനെ പറയുമ്പോഴും പാര്‍ട്ടി പരിപാടികളുടെ തിരക്ക് പറഞ്ഞ് നേരിട്ട് മൊഴി നല്‍കാനെത്തിയില്ലെന്നാണ് ക്രൈം ബ്രാഞ്ച് സംഘം വിശദീകരിക്കുന്നത്.

പറയേണ്ടതെല്ലാം മാധ്യമങ്ങള്‍ വഴി അറിഞ്ഞല്ലേ, മേയറും പറഞ്ഞിട്ടുണ്ടോല്ലോ, കത്ത് കിട്ടിയിട്ടില്ല, അതിനപ്പുറമൊന്നുമില്ലെന്നായിരുന്നു ഫോണ്‍ വിളിച്ചപ്പോഴും ആനാവൂരിന്റെ പ്രതികരണമെന്നാണ് ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നത്. ജില്ലാ സെക്രട്ടറി മൊഴി തരാതെ മുങ്ങിയെന്ന ആക്ഷേപം ഒഴിവാക്കാനാണാ നേരിട്ട് തന്നെ മൊഴി നല്‍കിയെന്ന ആനാവൂരിന്റെ വിശദീകരണമെന്നാണ് സൂചന. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡി.ആര്‍.അനിലും മൊഴി നല്‍കാതെ ഒളിച്ചുകളി തുടരുകയാണ്.

അതേ സമയം സംസ്ഥാനം തന്നെ ചര്‍ച്ച ചെയ്യുന്ന വിവാദകേസ് അന്വേഷണത്തില്‍ എന്താണ് സംഭവിക്കുന്നതില്‍ ദുരൂഹത കൂടുകയാണ്. ആരാണ് സത്യം മറച്ചുവെക്കുന്നതെന്ന് വ്യക്തമല്ല. നിയമനത്തിന് കത്ത് തയ്യാറാക്കി എനന് സമ്മതിച്ച ഡിആര്‍ അനില്‍ ഇതുവരെ മൊഴി നല്‍കാനും തയ്യാറാകുന്നില്ല. പ്രാഥമിക അന്വേഷണം മാത്രമായതിനാല്‍ ക്രൈം ബ്രാഞ്ചിന് നോട്ടീസ് നല്‍കിയും നിര്‍ബന്ധിച്ചും മൊഴി രേഖപ്പെടുത്താന്‍ കഴിയില്ല. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുള്ള അന്വേഷണം നടക്കാത്തതാണ് യഥാര്‍ത്ഥ പ്രശ്‌നം.

Related posts:

Leave a Reply

Your email address will not be published.