ഗവര്‍ണറുടെ നയപ്രഖ്യാപനം ഒഴിവാക്കാന്‍ സര്‍ക്കാര്‍

1 min read

തിരുവനന്തപുരം: ഗവര്‍ണറുമായുളള ഏറ്റുമുട്ടലിന്റെ ഭാഗമായി നയപ്രഖ്യാപന പ്രസംഗം നീട്ടിവയ്ക്കുന്നതിന്റെ സാധ്യതകള്‍ സജീവമായി പരിഗണിച്ച് സര്‍ക്കാര്‍. ഡിസംബറില്‍ ചേരുന്ന സഭാ സമ്മേളനം ജനുവരിയിലേക്ക് നീട്ടാനാണ് ആലോചന. അനിശ്ചിതകാലത്തേക്ക് പിരിയാതെ സമ്മേളനം നീട്ടുന്നതോടെ നയപ്രഖ്യാപനം തത്കാലത്തേക്ക് ഒഴിവാക്കാനാകും.

ഡിസംബര്‍ 15 ന് സഭ താല്‍ക്കാലികമായി പിരിഞ്ഞ് ക്രിസ്!തുമസിന് ശേഷം വീണ്ടും തുടങ്ങി ജനുവരിയിലേക്ക് നീട്ടാനാണ് നീക്കം. അപ്പോഴും അടുത്ത സഭാ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങേണ്ടി വരും.1990ല്‍ നായനാര്‍ സര്‍ക്കാരുമായി ഇടഞ്ഞ ഗവര്‍ണര്‍ രാം ദുലാരി സിന്‍ഹയെ ഒഴിവാക്കാന്‍ ഇതേ തന്ത്രം പ്രയോഗിച്ചിരുന്നു. 1989 ഡിസംബര്‍ 17 ന് ആരംഭിച്ച സമ്മേളനം 1990 ജനുവരി രണ്ട് വരെ തുടരുകയായിരുന്നു.

14 സര്‍വ്വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കം ചെയ്യാനുള്ള ഓര്‍ഡിനന്‍സ് ഇനിയും രാജ് ഭവനിലേക്ക് സര്‍ക്കാര്‍ അയച്ചിട്ടില്ല. ബുധനാഴ്ച്ച ചേര്‍ന്ന മന്ത്രിസഭാ യോഗം ആണ് ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്. ബന്ധപ്പെട്ട മന്ത്രിമാര്‍ ഒപ്പിടാന്‍ വൈകുന്നതാണ് കാരണം എന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഓര്‍ഡിനന്‍സ് ലഭിച്ചാല്‍ ഗവര്‍ണര്‍ എന്ത് ചെയ്യും എന്നതില്‍ സര്‍ക്കാരിന് ആശങ്ക ഉണ്ട്. അനിശ്ചിതത്വത്തിനിടെ ഗവര്‍ണര്‍ ഇന്ന് ദില്ലിക്ക് പോകും. വിദഗ്‌ദോപദേശം നോക്കി തുടര്‍ നടപടി എടുക്കാനാണ് നീക്കം.

Related posts:

Leave a Reply

Your email address will not be published.