കേരളത്തിലെ സിപിഎം സര്‍ക്കാര്‍ അരാജകത്വം സൃഷ്ടിക്കുന്നു,ഭരണഘടനയെ വെല്ലുവിളിക്കുന്നു’ പ്രകാശ് ജാവഡേക്കര്‍
1 min readതിരുവനന്തപുരം: കേരളത്തിലെ സിപിഎം സര്‍ക്കാര്‍ അരാജകത്വം സൃഷ്ടിക്കുകയാണെന്ന് ബിജെപി കേരളപ്രഭാരി പ്രകാശ് ജാവഡേക്കര്‍ എംപി. ഭരണഘടനയെ വെല്ലുവിളിക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ ഒരു ഭരണഘടനാ പദവിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും മനസിലാക്കണം. ഭരണഘടനയില്‍ ഗവര്‍ണറുടെ പദവിയെ പറ്റി കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ സിപിഎം അത് എല്ലാം നിഷേധിക്കുകയാണ്. ഗവര്‍ണറുടെ അധികാരത്തെ പറ്റി സിപിഎം തിരിച്ചറിയുന്നില്ല. മുഖ്യമന്ത്രി ഗവര്‍ണറെ പേര് വിളിച്ച് അഭിസംബോധന ചെയ്യുകയാണ്.
വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ഗവര്‍ണറെ ഭീഷണിപ്പെടുത്തുകയാണ്. 1947ല്‍ സാര്‍ സിപി രാമസ്വാമിയെ വധിക്കാന്‍ ശ്രമിച്ചത് ഗവര്‍ണര്‍ ഓര്‍മ്മിക്കണമെന്നാണ് ശിവന്‍കുട്ടി പറയുന്നത്. ജനാധിപത്യ സ്നേഹികള്‍ക്ക് അംഗീകരിക്കാനാവാത്ത വാക്കുകളാണിത്. ഗവര്‍ണറെ രാജ്ഭവന് വളഞ്ഞ് ഘരാവൊ ചെയ്യുമെന്നാണ് എംവി ഗോവിന്ദന് പറയുന്നത്. ഇത് ജനാധിപത്യവിരുദ്ധമാണ്. കണ്ണൂര്‍ യൂണിവേഴ്സിറ്റിയിലെ ഹിസ്റ്ററി കോണ്‍ഗ്രസ് ഉദ്ഘാടനസഭയില്‍ ഗവര്‍ണറെ അപായപ്പെടുത്താന്‍ ശ്രമമുണ്ടായി. അന്ന് ഗവര്‍ണറെ ആക്രമിക്കാന്‍ ശ്രമിച്ചവരെ രക്ഷപ്പെടുത്തിയത് രാജ്യസഭാംഗമായ കെകെ രാഗേഷാണ്. അദ്ദേഹത്തെ പേഴ്സണല്‍ സെക്രട്ടറിയാക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെുന്നും പ്രകാശ് ജാവഡേക്കര്‍ ചൂണ്ടിക്കാണിച്ചു.
യുജിസി റൂള്‍ അറിയാത്തതാണ് കേരള സര്‍ക്കാരിനെ നയിക്കുന്നവരുടെ പ്രശ്നം. ഡിവൈഎഫ്ഐ നേതാക്കന്മാരുടെ ഭാര്യമാര്‍ക്ക് അനധികൃതമായി ജോലി നല്‍കുകയാണ് സിപിഎം സര്‍ക്കാര്‍ ചെയ്യുന്നത്. ഇത്തരം സ്വജനപക്ഷപാത സമീപനം മറയ്ക്കാനാണ് ഗവര്‍ണറെ ഘരാവൊ ചെയ്യാന്‍ പോകുന്നത്. ഇതിന് ജനങ്ങള്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.കരാര്‍ നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് മേയര്‍ സിപിഎം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് ഗൗരവതരമാണ്. നഗരസഭയിലെ കരാര്‍ ജോലി സിപിഎമ്മുകാര്‍ക്ക് മാത്രം നല്‍കുന്നത് ലക്ഷക്കണക്കിന് യുവാക്കളോടുള്ള വെല്ലുവിളിയാണ്. ഈ സംഭവത്തെ പറ്റിയുള്ള ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമാണ്. സിറ്റിംഗ് ഹൈക്കോടതി ജഡ്ജി ഈ കേസ് അന്വേഷിക്കണം. അഴിമതിയുടെ മറ്റൊരു പേരായി സിപിഎം മാറി.
പൊലിസിനെ ഉപയോഗിച്ച് ബിജെപിയുടെ സമാധാനപരമായ മാര്‍ച്ചിനെ ആക്രമിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. രാസവസ്തുക്കള്‍ നിറച്ച ടിയര്‍ ഗ്യാസുകളും ഗ്രനേഡുകളും ഉപയോഗിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. സംസ്ഥാന അദ്ധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ പൊലീസ് അക്രമിച്ചത് നിന്ദ്യമായ രീതിയിലാണ്. ഈ അക്രമത്തിന് നേതൃത്വം നല്കിയ പൊലീസ് ഉദ്യോഗസ്ഥന്മാര്ക്കെതിരെ നടപടിയെടുക്കണം. മേയറെ സംരക്ഷിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. അതുകൊണ്ടാണ് അവര്‍ നിശബ്ദരായി ഇരിക്കുന്നതെന്നും പ്രകാശ് ജാവഡേക്കര്‍ എംപി പറഞ്ഞു.