ലൈഫ് പദ്ധതിയിലെ പ്രതിസന്ധിയില്‍ സര്‍ക്കാര്‍ ഇടപെടല്‍; ഗുണഭോക്താക്കളുമായി ഉടന്‍ കരാര്‍ ഒപ്പിടും

1 min read

തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയുടെ പട്ടികയിലുള്ള ഗുണഭോക്താക്കളുമായി കാരാര്‍ ഒപ്പിടാന്‍ ഉടന്‍ ഉത്തരവിറക്കുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്. ആദ്യ പരിഗണന നല്‍കുക അതി ദരിദ്രര്‍ക്കും പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്ളവര്‍ക്കുമായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മുന്‍ഗണനാ വിഭാഗത്തിന് സഹായം എത്തിക്കാന്‍ ഹഡ്‌കോ വായ്പ ലഭ്യമാക്കാനുള്ള ശ്രമം അടുത്ത ദിവസം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

ലൈഫ് ഭവന പദ്ധതിയിലെ പ്രതിസന്ധി സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്തയ്ക്ക് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടല്‍. 2017 ലെ ഗുണഭോക്ത പട്ടികയിലുള്ളവര്‍ക്ക് സഹായം എത്തിച്ച തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 2020 ലെ ലിസ്റ്റിലുള്ളവര്‍ക്ക് ധനസഹായം നല്‍കാമെന്നും ഇതിനുള്ള നിര്‍ദേശം ഉടന്‍ നല്‍കുമെന്നും തദ്ദേശ വകുപ്പ് മന്ത്രി പറഞ്ഞു. ഗുണഭോക്താക്കളുമായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കരാര്‍ വെക്കാന്‍ നിര്‍ദേശിക്കുന്ന ഉത്തരവ് ഉടന്‍ ഇറങ്ങുമെന്നും എം ബി രാജേഷ് കൂട്ടിച്ചേര്‍ത്തു.

ഗുണഭോക്താക്കളുടെ പുതിയ പട്ടിക പ്രസിദ്ധീകരിച്ച് രണ്ട് മാസം പിന്നിട്ടിട്ടും സംസ്ഥാനത്ത് ഒരിടത്ത് പോലും നിര്‍മാണം തുടങ്ങിയിട്ടില്ല. സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങാത്തതിനാല്‍ ഗുണഭോക്താക്കളുമായി കരാര്‍ വയ്ക്കാനോ അഡ്വാന്‍സ് അനുവദിക്കാനോ പഞ്ചായത്തുകള്‍ക്കോ നഗരസഭകള്‍ക്കോ കഴിഞ്ഞിട്ടില്ല. അഞ്ച് ലക്ഷത്തോളം കുടുംബങ്ങളാണ് ലൈഫ് പദ്ധതി പ്രകാരം വീടിനായി അപേക്ഷ നല്‍കി കാത്തിരിക്കുന്നത്.

സര്‍ക്കാരിന്റെ മുന്‍ഗണനാ പദ്ധതിയെന്ന നിലയില്‍ ഇതിനോടകം രണ്ടര ലക്ഷത്തോളം വീടുകള്‍ പൂര്‍ത്തിയാക്കിയ ലൈഫ് മിഷന്‍ കഴിഞ്ഞ രണ്ട് മാസത്തിലേറെയായി ഒരു നിശ്ചലാവസ്ഥയിലാണ്. ഓഗസ്റ്റ് 16ന് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ച ശേഷം സര്‍ക്കാരില്‍ നിന്ന് ഒരറിയിപ്പും കിട്ടിയിട്ടില്ലെന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങളുട അധ്യക്ഷന്‍മാര്‍ പറയുന്നു. പറയുന്നവര്‍ കോണ്‍ഗ്രസുകാര്‍ മാത്രമല്ല, സിപിഎമ്മുകാരുമുണ്ട്.

Related posts:

Leave a Reply

Your email address will not be published.