ലോട്ടറി കേസ്: പേപ്പര്‍ ലോട്ടറികള്‍ നിയന്ത്രിക്കാന്‍ സംസ്ഥാനത്തിനാകും
1 min readതിരുവനന്തപുരം: ലോട്ടറി കേസില്‍ നാഗാലാന്റ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീലിനെതിരെ കേരളം എതിര് സത്യവാങ്മൂലം സമര്‍പ്പിച്ചു. സ്വകാര്യ ഏജന്‍സിയെ ലോട്ടറി വില്ക്കാന് ഏല്പിച്ച നാഗാലാന്‍ഡ് തീരുമാനം ചട്ടവിരുദ്ധമാണെന്ന് കേരളം ഇതില്‍ ചൂണ്ടിക്കാട്ടുന്നു.
ഇതര സംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാന്‍ കേരള സര്‍ക്കാരിന് അധികാരമുണ്ടെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് നാഗാലാന്‍ഡ് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ എത്തിയത്. സ്വകാര്യ ഏജന്‍സി കേരളത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമാണെന്ന് കേരളം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്.
സ്വകാര്യ ഏജന്‍സി വിപണയില്‍ നടത്തിയത് പരിധി വിട്ടുള്ള ഇടപെടലാണെന്നും നിയമ ലംഘനം നിയന്ത്രിക്കുക മാത്രമാണ് കേരളം ചെയ്തതെന്നും പറയുന്നു. പേപ്പര്‍ ലോട്ടറികളെ നിയന്ത്രിക്കാന്‍ നിയമം വഴി സംസ്ഥാനത്തിനാകും. ഇതില്‍ ഫെഡറല്‍ തത്ത്വങ്ങളുടെ ലംഘനമില്ലെന്നും കേരളം വ്യക്തമാക്കി.
കഴിഞ്ഞ തവണ കേസ് പരിഗണിക്കുന്നതിനിടെ കേന്ദ്ര സര്‍ക്കാര്‍ രൂപം നല്കിയ ലോട്ടറി നിയമം ചട്ടം അഞ്ച് പ്രകാരം അന്യസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു. കേസില്‍ കേരളം ഉള്‍പ്പെടെ എല്ലാ കക്ഷികള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. ഇതരസംസ്ഥാന ലോട്ടറികളുടെ വില്പന തടഞ്ഞ കേരള സര്‍ക്കാരിന്റെ നടപടി ഫെഡറല്‍ തത്ത്വത്തിന് എതിരാണെന്ന് നാഗാലാന്‍ഡ് സര്‍ക്കാരിന്റെ വാദം.എന്നാല്‍ നാഗാലാന്‍ഡ് സര്‍ക്കാരിന്റെ ലോട്ടറി ഏജന്റ് പല വിധ ക്രമക്കേടുകളും വ്യാപാരത്തില്‍ നടത്തിയിട്ടുണ്ടെന്ന് കേരളം കോടതിയെ അറിയിച്ചിട്ടുണ്ട്.
കേരളത്തിനായി സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ സികെ ശശിയാണ് ഹാജരായത്. മുതിര്‍ന്ന അഭിഭാഷകന് തുഷാര്‍ മേത്തയാണ് നാഗാലാന്റ് സര്‍ക്കാരിന് വേണ്ടി വാദിക്കുന്നത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ നാഗാലാന്റ് സര്‍ക്കാരിന്റെ ഹര്‍ജിയില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കോടതി നോട്ടീസ് അയച്ചിരുന്നു.