ഗ്വിനിയില്‍ കുരുങ്ങിയ കപ്പല്‍ ജീവനക്കാരുടെ മോചനത്തിനായി പ്രധാനമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി
1 min readതിരുവനന്തപുരം : ഇക്കഡോറിയല്‍ ഗ്വിനിയില്‍ കുരുങ്ങിയ കപ്പല്‍ ജീവനക്കാരെ മോചിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു. കപ്പല്‍ ജീവനക്കാരുടെ ജീവന് അപകടത്തിലാണെന്നും അടിയന്തിര നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. സുരക്ഷിതമല്ലാതെ, തടവില്‍ തുടരുന്നത് കപ്പല്‍ ജീവനക്കാരുടെ മാനസ്സികശാരീരിക നിലയെ ബാധിക്കുമെന്ന് മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു.
ഗ്വിനിയില്‍ കുടുങ്ങി കിടക്കുന്ന സനു ജോസിന് വെള്ളവും ഭക്ഷണവും ലഭിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബം വ്യക്തമാക്കി. മകനെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നുണ്ട്. റൂമില്‍ അടച്ചിട്ടിരിക്കുകയാണെന്നാണ് പറഞ്ഞതെന്നും സനു ജോസിന്റെ അമ്മ ലീല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മോചിപ്പിക്കാനുള്ള ശ്രമം വേഗത്തിലാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അതേസമയം എക്വറ്റോറിയല്‍ ഗിനിയില്‍ തടവിലായവരെ വിമാനത്തില്‍ നൈജീരയ്ക്ക് കൊണ്ടു പോകാന്‍ ശ്രമം നടക്കുകയാണെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. തടവില്‍ കഴിയുന്നവരോട് പാസ്പോര്‍ട്ട് നല്കാന് ഗിനി സൈന്യം ആവശ്യപ്പെട്ടിരിക്കുകയാണ്.