ഫ്രൈഡ് റൈസസ് വൈകി, തർക്കത്തിനിടെ ഹോട്ടൽ ഉടമയ്ക്കും മകനും ഭാര്യയ്ക്കും വെട്ടേറ്റു

1 min read

മൂന്നാർ: ഇടുക്കി വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ ഫ്രൈഡ് റൈസ് വൈകിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഹോട്ടലുടമ അടക്കം മൂന്ന് പേർക്ക് വേട്ടേറ്റു. മൂന്നാർ, സാഗർ ഹോട്ടൽ ഉടമ എൽ പ്രശാന്ത്, മകൻ സാഗർ, ഭാര്യ വിനില എന്നിവർക്കാണ് വേട്ടേറ്റത്. തലയ്ക്കും കൈയ്ക്കും വെട്ടേറ്റ ഇവർ മൂന്നാർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ എസ് ജോൺപീറ്റർ, ജെ തോമസ്, ആർ ചിന്നപ്പരാജ്, ആർ മണികണ്ഠൻ എന്നിവരെ മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാൾ ഒളിവിലാണ്.

ശനിയാഴ്ച വൈകുന്നേരം മൂന്നാർ ഇക്കാ നഗറിൽ പ്രവർത്തിക്കുന്ന സാഗർ ഹോട്ടലിൽ പ്രദേശവാസിയായ മണികണ്ഠൻ ഭക്ഷണം കഴിക്കാൻ എത്തിയത്. മണികണ്ഠൻ ഫ്രൈഡ് റൈസ് ഓഡർ ചെയ്‌തെങ്കിലും, വിനോദ സഞ്ചാരികൾക്കാണ് ആദ്യം ഭക്ഷണം നൽകിയത്. ഇതിൽ പ്രകോപിതനായ ഇയാൾ കൗണ്ടറിലെത്തി ഹോട്ടലുടമയുടെ മകൻ സാഗറുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന് പുറത്തിറങ്ങിയ ഇയാൾ, സുഹ്യത്തുക്കളെ വിളിച്ച് വരുത്തി മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.

അക്രമണത്തെ തുടർന്ന് ഹോട്ടലിൽ ഉണ്ടായിരുന്ന വിനോദ സഞ്ചാരികൾ ചിതറിയോടി. ആക്രമണത്തിന് ശേഷം അവിടെ നിന്നും ഓടി രക്ഷപ്പെട്ട അക്രമികളെ മൂന്നാർ എസ് എച്ച് ഒയുടെ നേത്യത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ അന്വേഷണത്തിൽ പിടികൂടി. നാല് പേരെ പിടികൂടിയെന്നും കൂട്ടത്തിലുള്ള ഒരാളെ കണ്ടെത്താനുണ്ടെന്നും ഇയാൾ ഒളിവിലാകാമെന്നും പൊലീസ് പറയുന്നു.

Related posts:

Leave a Reply

Your email address will not be published.