പറക്കുംതളിക മോഡല്‍ കല്യാണഓട്ടം, ഡ്രൈവര്‍ക്കെതിരെ കേസ്

1 min read

കൊച്ചി: കോതമംഗലത്ത് കെഎസ്ആര്‍ടിസി ബസിന്റെ ‘പറക്കുംതളിക’ മോ!ഡല്‍ കല്യാണ ഓട്ടത്തില്‍ കൂടുതല്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. കെഎസ്ആര്‍ടിസി ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. മുന്‍വശത്തെ കാഴ്ചമറയ്ക്കും രീതിയില്‍ മറച്ചു കെട്ടി, വശങ്ങളിലൂടെപോകുന്ന വാഹനങ്ങള്‍ക്ക് അപകടമുണ്ടാക്കും വിധം മരച്ചില്ലകള്‍ കെട്ടി എന്ന കാരണത്താലാണ് കേസ് എടുത്തിട്ടുള്ളത്.

സംഭവം വിവാദമായതിന് പിന്നാലെ വിവാഹ ഓട്ടത്തിന് ശേഷം മടങ്ങി എത്തിയ ബസ് വീണ്ടും സര്‍വീസിന് അയക്കരുതെന്ന് കെഎസ്ആര്‍ടിസി കോതമംഗലം ഡിപ്പോ അധികൃതരോട് എംവിഡി ഇന്നലെ തന്നെ ആവശ്യപ്പെട്ടിരുന്നു. ബസ് പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് വീണ്ടും സര്‍വീസ് നടത്തുന്നത് എംവിഡി തടഞ്ഞത്. ഡ്രൈവറോട് ഇന്ന് രാവിലെ 11 മണിക്ക് ഹാജരാകാന്‍ ജോയിന്റ് അര്‍ടിഒ നിര്‍ദേശവും നല്‍കിയിരുന്നു. കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് താല്‍ക്കാലിമായി സസ്‌പെന്‍ഡ് ചെയ്യും.

ഇന്നലെ രാവിലെയാണ് കെഎസ്ആര്‍ടിസി ബസ് ദിലീപ് ചിത്രമായ ‘പറക്കും തളിക’യിലെ ‘താമരാക്ഷന്‍ പിള്ള’ ബസിനെ അനുസ്മരിപ്പിക്കും വിധം ‘അലങ്കരിച്ച്’ ഓട്ടം നടത്തിയത്. മരച്ചില്ലകളെല്ലാം കെട്ടിവച്ചായിരുന്നു ബസ് ‘അലങ്കരിച്ചിരുന്നത്’. മരച്ചില്ലകള്‍ പുറത്തേക്ക് തള്ളി നില്‍ക്കും വിധം ബസില്‍ കെട്ടിവച്ചിരുന്നു. ബസിന് മുന്നില്‍ സിനിമയിലേതിന് സമാനമായി ‘താമരാക്ഷന്‍ പിളള’ എന്ന് എഴുതിയിട്ടുമുണ്ടായിരുന്നു. കെഎസ്ആര്‍ടിസി എന്ന് എഴുതിയിരുന്ന ഇടത്താണ് ‘താമരാക്ഷന്‍ പിളള’ എന്ന് എഴുതിയത്.

കോതമംഗലം നെല്ലിക്കുഴിയില്‍ നിന്ന് അടിമാലി ഇരുമ്പുപാലത്തേക്കാണ് ബസ് സര്‍വീസ് നടത്തിയത്. കോതമംഗലം ഡിപ്പോയിലേതായിരുന്നു ബസ്. രണ്ട് ദിവസം മുമ്പാണ് രമേശ് എന്നയാളെത്തി കല്യാണ ഓട്ടം ബുക്ക് ചെയ്തതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി. സിനിമയിലേതിന് സമാനമായി ബസിന് ചുറ്റും മരച്ചില്ലകള്‍ വച്ചുകെട്ടുകയായിരുന്നു. ബ്രസീല്‍, അര്‍ജന്റീന പതാകകളും ബസിന് മുന്നില്‍ കെട്ടി. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ചില പൊതുപ്രവര്‍ത്തകരാണ് കോതമംഗലം പൊലീസിനെ വിവരം അറിയിച്ചത്. മോട്ടോര്‍ വാഹന വകുപ്പിനും ദൃശ്യങ്ങള്‍ കൈമാറിയിരുന്നു.

Related posts:

Leave a Reply

Your email address will not be published.