മധു കൊലക്കേസ്: മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട്; വിചാരണ കോടതി വിധി ഇന്ന്

1 min read

പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസില്‍ മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട് വിളിച്ചുവരുത്തുന്നതില്‍ മണ്ണാര്‍ക്കാട് വിചാരണക്കോടതി ഇന്ന് വിധി പറയും. കേസ് ഫയലിന്റെ ഭാഗമാകേണ്ട രണ്ട് മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ടുകള്‍ വിളിച്ചുവരുത്തണം എന്നാണ് പ്രോസിക്യൂഷന്‍ ഹര്‍ജി. മണ്ണാര്‍ക്കാട് മജിസ്‌ട്രേറ്റ് ആയിരുന്ന രമേശ്, ഒറ്റപ്പാലം സബ് കളക്ടര്‍ ജെറോമിക് ജോര്‍ജ് എന്നിവരുടെ അന്വേഷണ റിപ്പോര്‍ട്ടുകളാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, തെളിവുമൂല്യം ഇല്ലാത്ത റിപ്പോര്‍ട്ടിന് പിറകെ പോയി സമയം കളയണോ എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഹൈക്കോടതിയുടെ വിവിധ റൂളിങ് ഉദ്ധരിച്ച് റിപ്പോര്‍ട്ടിന് തെളിവുമൂല്യം ഉണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. രഹസ്യമൊഴി തിരുത്തി കൂറുമാറിയ എട്ട് സാക്ഷികള്‍ക്ക് എതിരെ നടപടി വേണമെന്ന ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും.

മധുകൊലക്കേസില്‍ മൂന്ന് അന്വേഷണമുണ്ടായി. ഒന്ന് പൊലീസ് അന്വേഷണം. ഇതിനു പുറമെ, രണ്ട് മജിസ്റ്റീരിയല്‍ അന്വേഷണങ്ങളും. ഒറ്റപ്പാലം സബ്കളക്ടര്‍ ആയിരുന്ന ജെറോമിക് ജോര്‍ജാണ് ഒരന്വേഷണം പൂര്‍ത്തിയാക്കിയത്. മറ്റൊന്ന് അന്നത്തെ മണ്ണാര്‍ക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആയിരുന്ന എം. രമേശന്റെതാണ്. ഈ രണ്ട് അന്വേഷണ റിപ്പോര്‍ട്ടുകളും കേസ് ഫയലില്‍ ഉണ്ടായിരുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥനോ വിചാരണ തുടങ്ങുന്ന സമയത്തെ പ്രോസിക്യൂട്ടറോ ഇതു ഗൗനിച്ചില്ല. അതിനാല്‍ തന്നെ രണ്ട് മജിസ്റ്റീരിയില്‍ അന്വേഷണവും ഇതുവരെ കേസ് ഫയലില്‍ വന്നിട്ടില്ല. മധുവിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത് ഒറ്റപ്പാലം നോഡല്‍ ഓഫീസര്‍ കൂടിയായ അന്നത്തെ ഒറ്റപ്പാലം സബ് കളക്ടര്‍ ജെറോമിക ജോര്‍ജ് ആയിരുന്നു. കേസിലെ തൊണ്ണൂറ്റിയാറാം സാക്ഷിയാണ് അദ്ദേഹം. സാക്ഷി വിസ്താരത്തിനിടെയാണ് മജിസ്റ്റീരിയല്‍ അന്വേഷണം നടത്തിയ കാര്യം ജെറോമിക് ജോര്‍ജ്ജ് പരാമര്‍ശിച്ചത്. രണ്ട് മജിസ്റ്റീരിയല്‍ അന്വേഷണവും മധുവിന്റെത് കസ്റ്റഡി മരണമാണോ എന്ന് പരിശോധിക്കാനായിരുന്നു.

മധുവിന്റെത് കസ്റ്റഡി മരണം എന്നാരോപണം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് മജിസ്റ്റീരിയില്‍ അന്വേഷണം വേണമെന്ന നിര്‍ദേശം വന്നത് 2006 ജൂണ്‍ 23 നാണ്. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് എന്ത് ചെയ്യണമെന്ന കാര്യത്തില്‍ വ്യക്തതക്കുറവുണ്ടായി. കണ്ടെത്തലുകള്‍ എവിടെ നല്‍കണം, അതിന് മൂല്യമുണ്ടോ എന്നതൊക്കെയായിരുന്ന സംശയം. 176 1 (A)രേഖ പ്രകാരം നിര്‍ബന്ധമായും കോടതിയിലെ കേസ് രേഖയില്‍ അന്വേഷണ റിപ്പോര്‍ട്ടുണ്ടാകണം. മജിസ്‌ട്രേറ്റ് അന്വേഷണം പൂര്‍ത്തിയാക്കാല്‍ എത്രയും വേഗം രേഖകളും റിപ്പോര്‍ട്ടും അന്വേഷണ ഉദ്യോഗസ്ഥന് കൈമാറണം എന്നതാണ് ചട്ടം. എന്നാല്‍, മധുകൊലക്കേസില്‍ മജിസ്‌ട്രേറ്റ് അന്വേഷണ റിപ്പോര്‍ട്ട് ഇപ്പോഴും വെളിച്ചം കണ്ടിട്ടില്ല. ഭേദഗതി അനുസരിച്ച് കേസ് രേഖകളില്‍ പോലുമില്ല. ഇതിനെ തുടര്‍ന്നാണ് മധു കേസില്‍ നടത്തിയ രണ്ട് മജിസ്റ്റീരിയല്‍ അന്വേഷണങ്ങളുടെ ഫയലുകളുടെ റിപ്പോര്‍ട്ട് വിളിച്ചുവരുത്തുന്നതില്‍ കോടതി ഇന്ന് വിധി പറയുന്നത്.

Related posts:

Leave a Reply

Your email address will not be published.