സന്തോഷ് കുമാറിനെ നിയമിച്ചത് യൂണിയന്‍കാര്‍ പറഞ്ഞിട്ട്: കരാറുകാരന്‍ ഷിജില്‍ ആന്റണി

1 min read

തിരുവനന്തപുരം: മ്യൂസിയത്തിലെ ലൈംഗികാതിക്രമ കേസിലും കുറവന്‍കോണത്ത് വീട്ടില്‍ അതിക്രമിച്ച് കടന്ന സംഭവത്തിലും പിടിയിലായ സന്തോഷ് കുമാറിനെ വാട്ടര്‍ അതോറിറ്റിയിലെ ഡ്രൈവറായി നിയമിച്ചത് യൂണിയന്‍കാര്‍ പറഞ്ഞിട്ടെന്ന് കരാറുകാരന്‍. താന്‍ കരാര്‍ എടുക്കും മുമ്പേ ഇയാള്‍ വാട്ടര്‍ അതോറിറ്റിയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്തു വരുന്നുണ്ടെന്നും ഷിജില്‍ ആന്റണി പറഞ്ഞു.

വാട്ടര്‍ അതോറിറ്റിയില്‍ നിയമനവും തൊഴില്‍ വിന്യാസവും നടത്തുന്നത് കരാര്‍ ജീവനക്കാരുടെ യൂണിയനാണെന്ന് ഷിജില്‍ പറഞ്ഞു. ഇങ്ങനെ നിയമിക്കപ്പെടുന്ന ജീവനക്കാരുടെ രേഖകള്‍ ഒന്നും തന്റെ പക്കല്‍ ഇല്ലെന്ന് ഷിജില്‍ ആന്റണി പറയുന്നു. താന്‍ സന്തോഷിനെ കാണാറുള്ളത് ശമ്പളം വാങ്ങാന്‍ വരുമ്പോള്‍ മാത്രമാണെന്നും ഷിജില്‍ തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മ്യൂസിയം പരിസരത്ത് വനിതാ ഡോക്ടര്‍ക്ക് നേരെ ആക്രമം ഉണ്ടായപ്പോഴും കുറവന്‍കോണത്തെ വീട്ടില്‍ കയറിയപ്പോഴും സന്തോഷിന്റെ മൊബൈല്‍ ടവര്‍ ആ പരിസരങ്ങളില്‍ തന്നെയായിരുന്നു. കുറവന്‍കോണത്തെ കേസില്‍ ഇന്നലെ രാത്രി സന്തോഷിനെ അറസ്റ്റ് ചെയ്തു. അതിക്രമത്തിന് ഇരയായ സ്ത്രീ പ്രതിയെ തിരിച്ചറിഞ്ഞതിന് പിന്നാലെ മ്യൂസിയം കേസിലെയും പ്രതി സന്തോഷ് തന്നെയെന്ന് ഉറപ്പിക്കുകയായിരുന്നു.

മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറായിരുന്നു സന്തോഷ്. സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്താണ് തലസ്ഥാനത്ത് സന്തോഷ് അതിക്രമം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. പിന്നാലെ ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.

കുറവന്‍കോണത്തും മ്യൂസിയം പരിസരത്തും അതിക്രമം നടത്തിയത് ഒരാള്‍ തന്നെയെന്ന സംശയമാണ് ശരിയായത്. കുറവന്‍കോണത്ത് വീട്ടില്‍ അതിക്രമം കാണിച്ചകേസിലെ അന്വേഷണമാണ് സന്തോഷിനെ കുടുക്കിയത്. 25ന് രാത്രി കുറവന്‍കോണത്തെ വീട്ടില്‍ സന്തോഷ് എത്തിയ ഇന്നോവ കാര്‍ തിരിച്ചറിഞ്ഞതാണ് വഴിത്തിരിവായത്.

സിസിടിവിയില്‍ വാഹനത്തിന്റെ മുന്നിലുണ്ടായിരുന്ന സര്‍ക്കാര്‍ ബോര്‍ഡ് മറച്ച നിലയിലായിരുന്നു. ഡാഷ് ബോര്‍ഡില്‍ പതാകയും ഉണ്ടായിരുന്നു. ഈ അന്വേഷണം ചെന്നെത്തിയത് സെക്രട്ടറിയേറ്റിലായിരുന്നു. ജല വിഭവ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരിലുള്ള വാഹനം ഉപയോഗിക്കുന്നത് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാരാന്‍ നായരാണെന്ന് തിരിച്ചറിഞ്ഞു. പിന്നാലെ ഡ്രൈവര്‍ സന്തോഷിലേക്ക് അന്വേഷണമെത്തുകയായിരുന്നു.

Related posts:

Leave a Reply

Your email address will not be published.