പാലക്കാട് ശ്രീനിവാസന്‍ കൊലക്കേസ്: പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയായിരുന്ന റൗഫിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും

1 min read

പാലക്കാട്: പാലക്കാട് ആര്‍എസ്എസ് നേതാവായിരുന്ന ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ടിന്റെ മുന്‍ സംസ്ഥാന സെക്രട്ടറി സിഎ റൗഫിനെ പൊലീസ് ചോദ്യം ചെയ്യും. ഇതിനായി ഇയാളെ പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. ഗൂഢാലോചനയില്‍ റൗഫിന് പങ്കുണ്ടെന്ന സംശയം ബലപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നീക്കം.

ആര്‍എസ് എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തുന്ന കാര്യം റൗഫ് അടക്കമുള്ള സംഘടനയുടെ മുതിര്‍ന്ന നേതാക്കള്‍ നേരത്തെ അറിഞ്ഞിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കേസില്‍ നേരത്തെ കോടതിയില്‍ ഹാജരാക്കിയ പട്ടികയില്‍ റൗഫിന്റെ പേരും ഉണ്ടായിരുന്നു. എന്നാല്‍ പോപുലര്‍ ഫ്രണ്ടിനെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതിനെ തുടര്‍ന്ന് റൗഫ് ഒളിവിലായിരുന്നു. പൊലീസിന് ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

കഴിഞ്ഞ ദിവസം പട്ടാമ്പിയിലെ വീട്ടിലെത്തിയ റൗഫിനെ എന്‍ഐഎ സംഘം വീട് വളഞ്ഞ് കസ്റ്റിഡിയിലെടുക്കുകയായിരുന്നു. ശ്രീനിവാസന്‍ കൊലക്കേസില്‍ ഗൂഢാലോചനയില്‍ റൗഫിന് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിക്ക് പിറകില്‍ വച്ചായിരുന്നു ഗൂഢാലോചന നടന്നത്. പോപുലര്‍ ഫ്രണ്ട് നേതാവ് സുബൈര്‍ കൊല്ലപ്പെട്ടതിലെ പ്രതികാരം തീര്‍ക്കാനായിരുന്നു ശ്രീനിവാസനെ കൊലപ്പെടുത്തിയത്.

ഈ കേസില്‍ കഴിഞ്ഞ ദിവസം എസ് ഡി പി ഐ സംസ്ഥാന കമ്മിറ്റി അംഗം അമീര്‍ അലിയെയും അന്വേഷണസംഘം പിടികൂടിയിരുന്നു. കൊലയ്ക്ക് ശേഷം പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചുവെന്നും തെളിവ് നശിപ്പിക്കാന്‍ കൂട്ടു നിന്നു എന്നതുമായിരുന്നു അമീര്‍ അലിക്കെതിരായ കുറ്റം. കേസില്‍ ഇതുവരെ 30 പേര്‍ അറസ്റ്റിലായിട്ടുണ്ട്.

Related posts:

Leave a Reply

Your email address will not be published.