ശ്രവണ സഹായി നഷ്ടപ്പെട്ട റോഷന് സഹായവുമായി തിരുവനന്തപുരം നഗരസഭ; കിട്ടിയില്ലെങ്കില്‍ പുതിയത് വാങ്ങി നല്‍കും
1 min readതിരുവനന്തപുരം: തിരുവനന്തപുരം രാജാജി നഗര്‍ കോളനിയിലെ പ്ലസ് ടു വിദ്യാര്‍ത്ഥി റോഷന്റെ നഷ്ടമായ ശ്രവണ സഹായി കണ്ടെത്താന്‍ ഇടപെടലുമായി തിരുവനന്തപുരം നഗരസഭ. കണ്ടുകിട്ടുന്നവര്‍ കോര്‍പ്പറേഷനേയോ 9895444067 എന്ന നമ്പറിലോ അറിയിക്കണമെന്നാണ് മേയര്‍ ആര്യാ രാജേന്ദ്രന്റെ അഭ്യര്‍ത്ഥന. ശ്രവണ സഹായി തിരികെ കിട്ടിയില്ലെങ്കില്‍ പുതിയത് വാങ്ങാന്‍ നഗരസഭ നടപടി സ്വീകരിക്കും.
സ്‌പോണ്‍സര്‍ഷിപ്പിലൂടെ പണം കണ്ടെത്തി പുതിയ ശ്രവണ സഹായി വാങ്ങാനാണ് തീരുമാനം. നാലുമാസം മുമ്പ് പുനര്‍ജ്ജനി പദ്ധതി പ്രകാരം റോഷന് ലഭിച്ചതാണ് ഒന്നരലക്ഷം രൂപ വില വരുന്ന ശ്രവണ സഹായി. കഴിഞ്ഞ ദിവസം അച്ഛനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേയാണ് ശ്രവണ സഹായി സൂക്ഷിച്ച ബാഗ് നഷ്ടമായത്. ഇതോടെ സ്‌കൂളില്‍ പോകാന്‍ ആകാത്ത റോഷന്റെ ബുദ്ധിമുട്ട് മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്തിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് മേയറുടെ ഇടപെടല്‍.
മേയര്‍ ആര്യാ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ..
കഴിഞ്ഞ ദിവസം മാധ്യമ വാര്‍ത്തകളിലൂടെയാണ് തിരുവനന്തപുരം രാജാജി നഗര്‍ സ്വദേശിയും വിദ്യാര്‍ത്ഥിയുമായ റോഷന്റെ അവസ്ഥ മനസിലാക്കുന്നത്. സ്‌ക്കൂളില്‍ നിന്ന് വരുന്ന വഴിക്ക് ബധിര വിദ്യാര്‍ത്ഥിയായ റോഷന്റെ ശ്രവണ സഹായി നഷ്ടമായി.തന്റെ ജീവിതം മുന്നോട്ട് നയിച്ച എല്ലാമായിരുന്ന വിലപിടിപ്പുള്ള ശ്രവണ സഹായി നഷ്ടമായതോടെ ഈ വിദ്യാര്‍ത്ഥിയുടെ പഠനം വലിയ ബുദ്ധിമുട്ടിലായിരിക്കുകയാണ്.ഏതാണ്ട് ഒന്നര ലക്ഷം രൂപ വിലവരുന്ന ശ്രവണ സഹായി പെട്ടന്ന് വാങ്ങി നല്‍കാന്‍ പറ്റുന്ന സാഹചര്യമല്ല ഈ കുടുംബത്തിനുള്ളത്. നഷ്ടപെട്ട ബാഗ് തിരികെ ലഭിക്കാന്‍ ഒരു നാട് ഒന്നാകെ ശ്രമിക്കുകയാണ്. കണ്ട് കിട്ടുന്നവര്‍ ദയവായി നഗരസഭയേയോ 9895444067 എന്ന നമ്പരിലോ അറിയിക്കുക.
മറ്റൊരു കാര്യം, നഷ്ടമായ ശ്രവണ സഹായി തിരികെ ലഭ്യമായില്ലെങ്കില്‍ പുതിയൊരെണ്ണം ലഭ്യമാക്കുന്നതിന് വേണ്ട നടപടി നഗരസഭ സ്വീകരിക്കും. എന്തായാലും റോഷന്റെ പഠനം മുന്നോട്ട് കൊണ്ട് പോകേണ്ടതായിട്ടുണ്ട്. എല്ലാവരും ഒപ്പമുണ്ടാകുമല്ലോ ….