സതീശന്‍ പാച്ചേനി; ബാധ്യതകള്‍ പത്ത് ലക്ഷത്തോളം, അവസാനകാലത്ത് ജീവിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനി മാനേജര്‍
1 min readസിപിഎമ്മിന്റെ അതിശക്തരായ എതിരാളികളെ തെരഞ്ഞെടുപ്പ് ഗോദകളില്‍ പലപ്പോഴും മുള്‍മുനയില്‍ നിര്‍ത്തിയ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പോരാളി സതീശന്‍ പാച്ചേനി അവസാന കാലത്ത് ജീവിച്ചത് ഇന്‍ഷുറന്‍സ് കമ്പനി മാനേജരായി. കോണ്‍ഗ്രസിലും പാര്‍ലമെന്ററീ രംഗത്തും ചുമതലകളില്ലാതായതോടെയാണ് പാച്ചേനിക്ക് അവസാനകാലത്ത് ഇന്‍ഷുറന്‍സ് കമ്പനി മാനേജരായി ജോലി നോക്കേണ്ടി വന്നത്. പഞ്ചാബ് നാഷണല്‍ ബാങ്ക് മെന്റ്‌ലൈഫില്‍ ഇന്‍ഷൂറന്‍സ് മാനേജരായാണ് അദ്ദേഹം തന്റെ അവസാനകാലത്ത് ജോലി നോക്കിയത്. സംഘടനാ രംഗത്ത് നിന്നുണ്ടായ ബാധ്യതകള്‍ തീര്‍ക്കണമെന്നും സ്വന്തമായൊരു വീട് വെക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ അവസാനകാല ആഗ്രഹം.
കഴിഞ്ഞ വര്‍ഷം ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയതോടെ കെപിസിസി അംഗം മാത്രമായിരുന്നു പാച്ചേനി. ലോകസഭയിലേക്ക് എ കെ ആന്റിണിയുടെ ഒഴിവ് വരുമ്പോള്‍ പരിഗണിക്കപ്പെടുമെന്ന് കരുതിയെങ്കിലും കോണ്‍ഗ്രസിന്റെ ഗ്രൂപ്പുകളില്‍ പാച്ചേനി തഴയപ്പെട്ടു. ഇതോടെ പാര്‍ട്ടിയിലും പാര്‍ലെമെന്ററി രംഗത്തും ചുമതലകള്‍ ഇല്ലാതായതോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ സതീശന്‍ പാച്ചേനിക്ക് ഏറെ ബുദ്ധിമുട്ടേണ്ടിവന്നു. ഈ അവസരത്തിലാണ് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മെന്റ്‌ലൈഫ് ഇന്‍ഷൂറന്‍സ് മാനേജര്‍ ഒഴിവിലേക്ക് പാച്ചേനി അപേക്ഷിക്കുന്നതും തെരഞ്ഞെടുക്കപ്പെടുന്നതും. കഴിഞ്ഞ ജൂണിലാണ് തന്റെ രാഷ്ട്രീയ ജീവിതത്തില്‍ നിന്നും തികച്ചും വ്യത്യസ്തനായൊരു മേഖലയില്‍ അദ്ദേഹം ജോലിക്ക് കയറിയത്. മെറ്റ്‌ലൈഫ് ഇന്റൂഷറന്‍സിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കലും ഫീല്‍ഡ് വര്‍ക്കിലേക്കായി പുതിയ ആളുകളെ എടുക്കുന്നതുമായിരുന്നു അദ്ദേഹത്തിന്റെ ജോലി. ‘അത് ഇന്‍ഷൂറന്‍സ് മാനേജര്‍ എന്ന ജോലിയാണ്. അവിടെ അദ്ദേഹം തൊഴിലാളിയായിരുന്നു. സാലറിയും ഇന്‍സെന്റീവും അദ്ദേഹത്തിനുണ്ടായിരുന്നു. ബാങ്കിലെ ഏറ്റവും നല്ല ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു അദ്ദേഹ’മെന്ന് പിഎന്‍ബി മെറ്റ് ലൈഫ് മാനേജര്‍ പറഞ്ഞു.
നാല്‍പത് വര്‍ഷമായി സതീശന്‍ പാച്ചേനി കോണ്‍ഗ്രസിനൊപ്പം പൊതുരംഗത്ത് ഉണ്ടായിരുന്നു. എന്നാല്‍, സ്വന്തമായൊരു വീട് വയ്ക്കാന്‍ അദ്ദേഹത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കണ്ണൂര്‍ ഡിസിസി പ്രസിഡന്റായിരിക്കെ ജില്ലയ്ക്ക് ഒരു ആസ്ഥാന മന്ദിരം നിര്‍മ്മിക്കാനായി അദ്ദേഹം സ്വന്തം വീടെന്ന സ്വപ്നം മാറ്റിവച്ച് കൈയിലുണ്ടായിരുന്ന പണമെടുത്ത് ചെലവഴിച്ചു. ഇതോടെ സിപിഎം കോട്ടയായ കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസിന് ആറ് കോടി രൂപ ചെലവഴിച്ച് സ്വന്തമായൊരു ഡിസിസി കെട്ടിടം ഉയര്‍ന്നെങ്കിലും സതീശന്‍ പാച്ചേനിയ്ക്ക് സ്വന്തം വീടെന്ന സ്വപ്നം ബാക്കിയായി. ഈ പണം പിന്നീട് പാര്‍ട്ടി സതീശന്‍ പാച്ചേനിക്ക് മടക്കി നല്‍കിയിരുന്നു. സംഘടനാ പ്രവര്‍ത്തനത്തിന് ചെലവാകുന്ന തുക പലപ്പോഴും സതീശന്‍ പാച്ചേനി എന്ന ഡിസിസി പ്രസിഡന്റ് കണ്ടെത്തിയത് സുഹൃത്തുക്കളില്‍ നിന്ന് കടം വാങ്ങിയും സ്വര്‍ണ്ണം പണയം വച്ചുമാണ്. ബാങ്ക് ലോണുകള്‍ ഉള്‍പ്പടെ 10 ലക്ഷം രൂപ സതീശന്‍ പാച്ചേനിക്ക് ബാധ്യതയുണ്ടെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയുന്നത്. സതീശന്‍ പാച്ചേനിയുടെ കുടുംബത്തിന് ‘കോണ്‍ഗ്രസ് വില്ല’ എന്ന പേരില്‍ വീട് പണിത് നല്‍കുമെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ എല്ലാ സാമ്പത്തിക ബാധ്യതകളും പാര്‍ട്ടി ഏറ്റെടുക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അറിയിച്ചു.
കണ്ണൂരിലെ പ്രമാദമായ മാവിച്ചേരി കേസിലെ പ്രതിയും കണ്ണൂരിലെ കര്‍ഷക പോരാട്ടങ്ങള്‍ക്ക് ഒരു കാലത്ത് നേതൃത്വം നല്‍കുകയും ചെയ്ത പാച്ചേനി ഉറുവാടന്റെ കൊച്ചു മകനായിരുന്ന സതീശന്‍ സ്വന്തം ആദര്‍ശത്തിന്റെ പേരില്‍ കുട്ടിക്കാലത്ത് തന്നെ വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ടയാളാണ്. റേഷന്‍ കാര്‍ഡില്‍ നിന്ന് പോലും കമ്മ്യൂണിസ്റ്റുകാരായ വീട്ടുകാര്‍ പേര് വെട്ടിയിട്ടും സതീശന്‍ പാച്ചേനി തന്റെ ആദര്‍ശം വിടാന്‍ തയ്യാറായിരുന്നില്ല. സ്വന്തമായി വീടില്ലാതിരുന്നതിനാല്‍ സഹോദരന്‍ സുരേഷിന്റെ വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് വച്ചത്. അദ്ദേഹത്തോടൊപ്പം രാഷ്ട്രീയ ജീവിതം തുടങ്ങിയ പല സുഹൃത്തുക്കള്‍ക്കും പാച്ചേനി അവസാന കാലം ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലി ചെയ്തിരുന്നതായി അറിയില്ലായിരുന്നു. തന്റെ ഇല്ലായ്മകള്‍ മറ്റുള്ളവരില്‍ നിന്നും മറച്ച്, കോണ്‍ഗ്രസ് പാര്‍ട്ടി വേണ്ടി ജീവിതം തന്നെ മാറ്റി വച്ച നേതാവാണ് സതീശന്‍ പച്ചേനി എന്ന് നിസംശയം പറയാം.