തൃശൂരില്‍ MDMAയുമായി 2 പേര് കൂടി പിടിയില്‍,കസ്റ്റമേഴ്സ് ലിസ്റ്റുമായി 2 പേരെ പിടിച്ചത് കഴിഞ്ഞയാഴ്ച; പരിശോധന ശക്തം
1 min readതൃശൂര്‍: തൃശൂരില്‍ എം.ഡി.എം.എ യുമായി രണ്ട് യുവാക്കളെ കയ്പമംഗലം പോലീസ് പിടികൂടി. ഇവരുടെ പക്കല്‍ നിന്നും 5.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇന്നലെ രാത്രിയാണ് പൊലീസിന്റെ പരിശോധന നടന്നത്. ഈ പരിശോധനയിലാണ് എടവിലങ്ങ് സ്വദേശി കണ്ണമ്പുഴ വീട്ടില്‍ ജോയല്‍ (19), മേത്തല സ്വദേശി അടിമ പറമ്പില്‍ സാലിഹ് (28) എന്നിവര്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ച ബുള്ളറ്റും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രതികളുടെ ഫോണ്‍ പരിശോധിച്ച് വരികയാണ്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കാനാണ് പൊലീസിന്റെ തീരുമാനം. പെരിഞ്ഞനം ആറാട്ടുക്കടവ് ബീച്ച്, താടി വളവ് ആയുര്‍വേദ ഡിസ്പെന്‍സറി എന്നീ സ്ഥലങ്ങളില്‍ കയ്പമംഗലം എസ്.ഐ ടോണി .ജെ. മറ്റത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
കഴിഞ്ഞ ദിവസം എക്സൈസ് സംഘം കയ്പമംഗലം പ്രദേശത്ത് നിന്ന് എംഡിഎംഎയുമായി രണ്ട് യുവാക്കളെ പിടികൂടിയിരുന്നു. ഇവരുടെ പക്കല്‍ നിന്ന് സ്കൂള്‍ കുട്ടികളുടെ ഉള്‍പ്പെടെയുള്ള പറ്റുപട്ടികയും പൊലീസ് കണ്ടെടുത്തിരുന്നു. അതിന് ശേഷമാണ് ഈ പ്രദേശത്ത് പൊലീസ് പരിശോധന കര്‍ശനമാക്കിയത്. കൈപ്പമംഗലം, അഞ്ചേരി എന്നിവിടങ്ങളില്‍ നിന്ന് പിടികൂടിയ പ്രതികളില്‍ നിന്നാണ് ഞെട്ടിക്കുന്ന വിവരം എക്സൈസിന് കിട്ടിയത്. സ്കൂട്ടറില്‍ എം ഡി എം എ കടത്തിയ പ്രതികളെ സാഹസികമായാണ് പിടികൂടിയത്.
വിഷ്ണു, ജിനേഷ്, അരുണ്‍ എന്നിവരില്‍ നിന്നായി 18 ഗ്രാം എം ഡി എം എ കണ്ടെടുത്തു. ഇവരുടെ ദേഹപരിശോധന നടത്തിയപ്പോഴാണ് വിദ്യാര്‍ത്ഥികളുടെ പേരെഴുതിയ ലിസ്റ്റ് കണ്ടെത്തിയത്. 52 പേജുകളിലായാണ് ലഹരി വാങ്ങി പണം തിരികെ തരാനുള്ളവരുടെ വിവരമുള്ളത്. എല്ലാവരും തൃശ്ശൂരിലുള്ള പതിനേഴും 25 നും ഇടയില്‍ പ്രായമുള്ളവരാണ്. പെണ്‍കുട്ടികളടക്കം പട്ടികയിലുണ്ട്. ഇതില്‍ അമ്പതോളം പേര് സ്ഥിരം ഉപഭോക്താക്കളാണ്. മയക്കുമരുന്ന് വാങ്ങിയ തീയതിയും തരാനുള്ള തുകയുടെ കണക്കും ലിസ്റ്റിലുണ്ട്.