താമരശ്ശേരിയില്‍ നിന്നും ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ വ്യാപാരി തിരിച്ചെത്തി

1 min read

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ നിന്ന് കൊട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ അഷറഫ് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം തിരികെയെത്തി. ഇയാള്‍ക്കായി വിപുലമായ അന്വേഷണം നടക്കുന്നതിനിടയാണ് ചൊവ്വാഴ്ച രാത്രിയോടെ വീട്ടിലെത്തിയത്. തന്നെ ഇന്ന് രാവിലെ കൊല്ലത്ത് കണ്ണ് കെട്ടി ഇറക്കിവിടുകയായിരുന്നുവെന്നണ് അഷറഫ് പറയുന്നത്. കൊല്ലത്ത് നിന്ന് ബസ് കയറി കോഴിക്കോട്ടെത്തി. തട്ടിക്കൊണ്ട് പോകലിനിടെ മൊബൈല്‍ ഫോണ്‍ നഷ്ടമായതിനാല്‍ ആരെയും ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും ഇയാള്‍ പറയുന്നു. ഇയാളില്‍ നിന്ന് വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തും.

അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മലപ്പുറം പുത്തനത്താണി സ്വദേശി മുഹമ്മദ് ജൗഹറെ ഇന്ന് രാവിലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗൂഢാലോചനയില്‍ പങ്കെടുത്ത മറ്റ് രണ്ട് പേരുടെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മുക്കം കൊടിയത്തൂര്‍ സ്വദേശികളായ മുഹമ്മദ് നാസ്, ഹബീബ് റഹ്മാന്‍ എന്നിവരെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ സഹോദരന്‍ അലി ഉബൈറുമായി അഷറഫിന്റെ ഭാര്യ സഹോദരന് ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളെ തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോകല്‍ എന്നാണ് പൊലീസ് പറയുന്നത്. കരിപ്പൂര്‍ സ്വര്‍ണ്ണ കടത്ത് കേസിലെ പ്രതികളാണ് അലി ഉബൈറാനും സഹോദരന്‍ ഹബീബ് റഹ്മാനും.

മുക്കത്ത് സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുന്ന മുഹമ്മദ് അഷ്‌റഫിനെ ശനിയാഴ്ച രാത്രി 8.45 നാണ് താമരശേരിയില്‍ നിന്ന് രണ്ട് വാഹനങ്ങളില്‍ എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സിസിടിവി ദൃശ്യങ്ങളും ദൃക്‌സാക്ഷി മൊഴികളും അടിസ്ഥാനമാക്കി ഊര്‍ജ്ജിതമായി അന്വേഷണം നടത്തിയിട്ടും അഷറഫ് എവിടെയെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അഷ്‌റഫിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച രണ്ട് വാഹനങ്ങള്‍ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ അലി ഉബൈറാന്റെ നേതൃത്വത്തിലുളള സംഘമാണ് അഷ്‌റഫിനെ തട്ടികാണ്ടുപോയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചായിരുന്നു തട്ടിക്കൊണ്ടുപോകാനുളള വാഹനങ്ങളിലൊന്ന് വാടകയ്കക്ക് എടുത്തത്.

അലി ഉബൈറാന്റെ സഹോദരന്‍ അടക്കമുളളവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരെയാണ് നിലവില്‍ പൊലീസ് കേസെടുത്തിട്ടുളളത്. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനങ്ങളിലൊന്നായ സുമോ കാര്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. മറ്റൊരു വാഹനമായ സ്വിഫ്റ്റ് കാര്‍ മലപ്പുറം കോട്ടക്കലിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. താമരശേരി പൊലീസെത്തി ഈ വാഹനം സ്റ്റേഷനിലേക്ക് മാറ്റി. അലി ഉബൈറാനും അഷ്‌റഫിന്റെ ഭാര്യ സഹോദരനും തമ്മിലുളള പണം ഇടപാടുകള്‍ സംബന്ധിച്ച തര്‍ക്കമാണ് തട്ടിക്കൊണ്ട് പോകലിലേക്ക് നയിച്ചതെന്നാണ് സൂചന.

Related posts:

Leave a Reply

Your email address will not be published.