ഗവര്‍ണറുടെ തോണ്ടല് ഏശില്ല , അധികാരപരിധി വിട്ട് ഒരിഞ്ച് കടക്കില്ലെന്ന് മുഖ്യമന്ത്രി
1 min readപാലക്കാട്: സംസ്ഥാനത്തെ ഒന്‍പത് വൈസ് ചാന്‍സലര്‍മാര്‍ക്കും തല്‍ക്കാലത്തേക്ക് തല്‍സ്ഥാനത്ത് തുടരാമെന്ന ഹൈക്കോടതി വിധിക്ക് പിന്നാലെ ഗവര്‍ണര്‍ക്ക് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്. അധികാരപരിധി വിട്ട് ഒരിഞ്ച് കടക്കാമെന്ന് ഗവര്‍ണര്‍ കരുതരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ താക്കീത്. ഗവര്‍ണറുടെ തോണ്ടല് ഏശില്ല. ചട്ടവും കീഴ്!വഴക്കവും ഗവര്‍ണര്‍ മറക്കരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
ഗവര്‍ണര്‍ അന്തിമ ഉത്തരവ് പറയും വരെ സംസ്ഥാനത്തെ ഒന്‍പത് വൈസ് ചാന്‍സലര്‍മാര്‍ക്കും തല്‍സ്ഥാനത്ത് തുടരാമെന്നാണ് ഹൈക്കോടതി ഉത്തരവ്. രാജിവച്ച് പുറത്തുപോകണമെന്ന ഗവര്‍ണറുടെ ഉത്തരവ് നിയമപരമല്ലെന്നും നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്നുമുളള വൈസ് ചാന്‍സലര്‍മാരുടെ വാദം അംഗീകരിച്ചാണ് നടപടി. തങ്ങളുടെ ഭാഗം കേള്‍ക്കാതെയുളള ഗവര്‍ണറുടെ നടപടി സ്വഭാവിക നീതിയുടെ ലംഘനമാണെന്ന വൈസ് ചാന്‍സലര്‍മാരുടെ വാദം സിംഗിള്‍ ബെഞ്ച് അംഗീകരിച്ചു.
നിശ്ചിത യോഗ്യതയില്ലെങ്കില്‍, മാനദണ്ഡം പാലിച്ചല്ല നിയമനമെങ്കില്‍ വൈസ് ചാന്‍സലര്‍മാരെ തല്‍സ്ഥാനത്ത് നിന്ന് നീക്കാന്‍ ഗവര്‍ണര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ അതിന് സ്വീകരിക്കുന്ന നടപടികള്‍ ചട്ടപ്രകാരമാകണം. ഒന്‍പത് വിസിമാരുടെ കാര്യത്തിലും ഇതുണ്ടായില്ല. അവരുടെ ഭാഗം കേള്‍ക്കാതെ രാജിവെച്ച് പുറത്തുപോകാന്‍ ആവശ്യപ്പെട്ടത് നിയമപരമല്ല. ഇക്കാര്യത്തില്‍ നടപടിക്രമങ്ങള്‍ പാലിച്ച് ഗവര്‍ണര്‍ക്ക് മുന്നോട്ടുപോകാന്‍ തടസമില്ല. പത്തുദിവസത്തിനുളളില്‍ വിസിമാര്‍ നല്കുന്ന മറുപടികേട്ട് ചാന്‍സലര്‍ക്ക് അന്തിമ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.
അന്തിമ തീരുമാനത്തില്‍ അപാകതയുണ്ടെങ്കില്‍ വൈസ് ചാന്‍സലര്‍മാര്‍ക്ക് കോടതിയെ സമീപിക്കാം. സാങ്കേതിക സര്‍വകാശാല വൈസ് ചാന്‍സലറെ നീക്കിയ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രാജിവെച്ചൊഴിയണമെന്ന ഗവര്‍ണറുടെ നിര്‍ദേശം ചോദ്യം ചെയ്താണ് ഒന്‍പത് വൈസ് ചാന്‍സലര്‍മാരും ഹൈക്കോടതിയെ സമീപിച്ചത്. സുപ്രീംകോടതി ഉത്തരവ് തങ്ങള്‍ക്ക് ബാധകമല്ലെന്ന ഇവരുടെ വാദം കോടതി അംഗീകരിച്ചില്ല.
രാജിവെച്ച് പുറത്തുപോകണമെന്ന തന്റെ ഉത്തരവ് അപേക്ഷ മാത്രമായിരുന്നെന്നും മാന്യമായി പുറത്തുപോകാനുളള അവസരം ഒരുക്കുകയായിരുന്നെന്നും ഗവര്‍ണര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഇതിന് പിന്നാലെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന്റെ യുക്തിയെന്തെന്നും കോടതി ഗവര്‍ണറോട് ചോദിച്ചു. കാരണം കാണിക്കല്‍ നോട്ടീസോടെ രാജിവെച്ച് പുറത്ത് പോകണമെന്ന ഗവര്‍ണറുടെ ഉത്തരവ് അപ്രസക്തമായെന്ന കണ്ടെത്തലോടെയാണ് വൈസ് ചാന്‍സലര്‍മാരുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കിയത്.