ഗവര്‍ണറുടെ രാജി നോട്ടീസ് റദ്ദാക്കണം; വിസിമാരുടെ പ്രവര്‍ത്തനങ്ങളിലിടപെടുന്നത് തടയണം, ഹര്‍ജി ഉടന്‍ കോടതി പരിഗണനക്ക്

1 min read

തിരുവനന്തപുരം : രാജി ആവശ്യപ്പെട്ട് ഗവര്‍ണര്‍ നല്‍കിയ നോട്ടീസ് റദ്ദാക്കണമെന്നാണ് കേരളത്തിലെ ഒമ്പത് സര്‍വകലാശാലകളിലെയും വിസിമാര്‍ ഹര്‍ജിയിലൂടെ ഹൈക്കോടതിയില്‍ ആവശ്യപ്പെടുന്നത്. രാവിലെ പതിനൊന്നരയ്ക്ക് മുന്‍പ് രാജിക്കത്ത് നല്‍കണമെന്ന ഗവര്‍ണറുടെ അന്ത്യശാസനം തള്ളിയ ഒന്‍പത് സര്‍വകലാശാലാ വിസിമാരും ചാന്‍സിലര്‍, സര്‍ക്കാര്‍ എന്നിവരെ എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്.

രാജി നിര്‍ദേശത്തിനാധാരമായ രേഖകള്‍ വിളിച്ചു വരുത്തണം. വിസിമാരുടെ പ്രവര്‍ത്തനങ്ങളില്‍ ഗവര്‍ണര്‍ ഇടപെടുന്നത് തടയണം. വി സി രാജിവെക്കണമെന്ന് ആവശ്യപ്പെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് വ്യക്തമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഗവര്‍ണറുടെ നോട്ടീസ് സ്റ്റേ ചെയ്ത് സ്ഥാനത്ത് തുടരാന്‍ അനുവദിക്കണമെന്നും ഹര്‍ജിയിലുണ്ട്. നിയമനം നടത്തിയത് ഗവര്‍ണറാണ്. അതേ ഗവര്‍ണറാണ് നടപടി തെറ്റാണെന്നും രാജി വെക്കണമെന്നും ആവശ്യപ്പെടുന്നതെന്നത് തെറ്റായ രീതിയാണെന്നും ഹര്‍ജികളില്‍ ചൂണ്ടിക്കാട്ടുന്നു.

ഓരോ വിസിമാരും ഹൈക്കോടതിയില്‍ പ്രത്യേകം ഹര്‍ജി നല്‍കിയിട്ടുണ്ട്. 2019 തന്നെ വിസിയായി തന്നെ നിയമിച്ചത് ഗവര്‍ണറാണെന്നും ഗവര്‍ണരുടെ നോട്ടീസ് നിയമപരമായി നിലനില്‍ക്കില്ലെന്നുമാണ് എംജി യൂണിവേഴ്‌സിറ്റി വിസി നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. യൂണിവേഴ്‌സിറ്റി ചട്ടപ്രകാരമാണ് വൈസ്ചാന്‍സിലര്‍ സ്ഥാനത്തേക്കുള്ള തന്റെ നിയമനമുണ്ടായത്. താന്‍ ചുമതല നിര്‍വ്വഹിക്കുന്നതിനിടെ രാജി ആവശ്യപ്പെടുന്നത്
വിവേചനപരമാണ്. ചാന്‍സലര്‍ സ്റ്റാറ്റിയൂട്ടറി അതോരിറ്റിയാണ്. അത്തരം അതോരിറ്റിയുടെ ഉത്തരവ് നീതിപൂര്‍വമായിരിക്കണം. തന്റെ മറുപടി പോലും കേള്‍ക്കാതെ ദീപാവലി ദിവസം തന്നെ രാജി വെക്കാന്‍ ആവശ്യപ്പെടുത്തത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ എംജി യൂണിവേഴ്‌സിറ്റി വിസി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
രാവിലെ പതിനൊന്നരയ്ക്ക് മുന്‍പ് രാജിക്കത്ത് നല്‍കണമെന്ന ഗവര്‍ണറുടെ അന്ത്യശാസനം തള്ളിയ ഒന്‍പത് സര്‍വകലാശാലാ വിസിമാരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. രാജിവെക്കേണ്ടതില്ലെന്ന് സര്‍ക്കാരും വിസിമാരോട് നിര്‍ദേശിച്ചതോടെയാണ് കോടതിയെ സമീപിച്ചത്. ഉന്നതവിദ്യാഭ്യാസ മേഖല സ്തംഭിക്കുന്ന വിഷയം ആയതിനാല്‍ അടിയന്തിരമായി പരിഗണിക്കണമെന്ന വിസിമാരുടെ അഭിപ്രായം അംഗീകരിച്ച ഹൈക്കോടതി ഇന്ന് വൈകീട്ട് നാല് മണിക്ക് അടിയന്തിര സിറ്റിംഗ് നടത്തും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് ആണ് വിസിമാരുടെ ഹര്‍ജി പരിഗണിക്കുക.

Related posts:

Leave a Reply

Your email address will not be published.