ഗവര്‍ണറുടെ തിട്ടൂരം എല്ലാ സീമകളുടെയും ലംഘനം: വിമര്‍ശനവുമായി കെസി വേണുഗോപാല്‍

1 min read

ന്യൂഡല്‍ഹി: ഒമ്പത് സര്‍വകലാശാലകളുടെയും വൈസ് ചാന്‍സലര്‍മാര്‍ രാജി സമര്‍പ്പിക്കണമെന്ന തിട്ടൂരം ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍. അത് എതിര്‍ക്കപ്പെടേണ്ടതാണെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ജനാധിപത്യ ഭരണഘടനാ മൂല്യങ്ങളെ ലംഘിച്ചുകൊണ്ട്, രാജ്യത്തുടനീളം ഉന്നത വിദ്യാഭ്യാസ രംഗത്ത് കൈകടത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും പുതിയ ശ്രമമാണ് കേരളാ ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചട്ടവിരുദ്ധമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ എല്ലാ സര്‍വകലാശാലാ നിയമനങ്ങളും എതിര്‍ക്കപ്പെടേണ്ടതും തിരുത്തപ്പെടേണ്ടതുമാണ്. അത് നിലനില്‍ക്കുമ്പോള്‍ തന്നെ, സര്‍വകലാശാലകളുടെ സ്വയംഭരണാവകാശത്തെ ഹനിക്കുന്ന നിലപാട് ചാന്‍സലര്‍ സ്ഥാനത്തിരുന്ന് ഗവര്‍ണര്‍ സ്വീകരിച്ചാല്‍ ചോദ്യം ചെയ്യേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ സര്‍വകലാശാലകളുടെ സ്വയംഭരണാവകാശത്തെ അട്ടിമറിക്കുന്ന നിലപാടാണ് ഇടതുമുന്നണി സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടുള്ളതെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ചട്ടവിരുദ്ധമായി ചെയ്ത ഒരു കാര്യത്തെ മറികടക്കാനും തിരുത്താനുമെന്ന പേരില്‍ ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധമായി തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് നമ്മുടെ ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണ്.

സാങ്കേതിക സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി അനുസരിക്കേണ്ടതാണ്. ഇത്തരത്തില്‍ നിയമപരമായാണ് ഓരോ അനധികൃത നിയമനങ്ങളും തിരുത്തപ്പെടേണ്ടത്. മറിച്ച്, കേന്ദ്രസര്‍ക്കാരിന് വേണ്ടി ചട്ടങ്ങളുണ്ടാക്കി നടപ്പിലാക്കുന്ന ഗവര്‍ണര്‍ വഴിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Related posts:

Leave a Reply

Your email address will not be published.