നായ പിന്നാലെയെത്തി കടിച്ചു, ദേഹമാസകലം പരിക്കേറ്റിട്ടും സാഹസികമായി കീഴ്‌പ്പെടുത്തി യുവാവ്

1 min read

കോഴിക്കോട്: പന്തീരാങ്കാവില്‍ കടിച്ച നായയെ കീഴ്‌പ്പെടുത്തി യുവാവ്. നടുവീട്ടില്‍ നാസര്‍ ആണ് ദേഹമാസകലം കടിയേറ്റിട്ടും നായയെ സാഹസികമായി കീഴ്‌പ്പെടുത്തിയത്. നാസറിനെ കടിച്ച വളര്‍ത്തു നായയെ ഉടമസ്ഥന്‍ കൊണ്ട് പോയെങ്കിലും പിന്നീട് ചത്തു. ദേഹത്ത് പലയിടത്തും കടിയേറ്റിട്ടും അതി സാഹസികമായാണ് നായയെ നാസര്‍ കീഴ്‌പെടുത്തിയത്. ഒടുവില്‍ പ്രദേശ വാസികള്‍ കൂടിയെത്തി നായയുടെ കാല് കെട്ടിയിടുകയായിരുന്നു. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് കുട്ടികളടക്കമുള്ളവര്‍ക്ക് കടിയേല്‍ക്കാന്‍ സാധ്യതയുണ്ടായിരുന്നതിനാലാണ് നായയെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് നാസര്‍ പറയുന്നത്.

നാസറിന്റെ വാക്കുകള്‍ ഇങ്ങനെ..

പന്നിയൂര്‍ക്കുളത്തുനിന്ന് പാറക്കുളത്തേക്കുള്ള റോഡില്‍ വരുന്ന വഴി, പിന്നാലെ എത്തിയ ഒരു നായ കടിക്കാന്‍ ആഞ്ഞു. കൈ കൊണ്ട് ആട്ടിയോടിക്കാന്‍ ശ്രമിക്കുന്നതിനിടെ പട്ടി വിരലില്‍ കടിക്കുകയായിരുന്നു. വിരലില്‍ കടിച്ചയുടന്‍ കഴുത്തിന് പിടിച്ച് നായയുടെ കടിയില്‍ നിന്ന് വിരല്‍ വിടുവിച്ചെടുത്തു. ശേഷം നായയെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. അപ്പോള്‍ നായക്കൊപ്പം ഞാനും വീഴുകയായിരുന്നു.

കടിയേറ്റപ്പോള്‍ എനിക്ക് വേണമെങ്കില്‍ മാറി നില്‍ക്കുകയോ ഓടി മാറുകയോ ചെയ്യാമായിരുന്നു. എന്നാല്‍ പ്രദേശത്തുള്ള കുട്ടികളെയെല്ലാം കടിക്കാന്‍ സാധ്യതയുള്ളതിനാലാണ് നായയെ ഏതു വിധേനയും കീഴ്‌പ്പെടുത്താന്‍ ഞാന്‍ തുനിഞ്ഞത്. നായയെ പിടിച്ചപ്പോഴും അത് ആക്രമണ സ്വഭാവം കാണിച്ച് കുതറുകയായിരുന്നു. ഒടുവില്‍ നയയുടെ മേല്‍ ഞാന്‍ കിടന്നു. അങ്ങനെയാണ് നാട്ടുകാര്‍ നായയുടെ കാലുകള്‍ കെട്ടിയിടുന്നത്. തുടര്‍ന്നും നായ ആക്രമണം നടത്താന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഉടമയ്ക്കും എനിക്കും മാത്രമാണ് കടിയേറ്റത്. ഇത്തരത്തില്‍ അപകടകാരികളായ വളര്‍ത്തുനായകളെ കൂട്ടിന് പുറത്തിറക്കി വളര്‍ത്തുന്നത് ശരിയല്ല. പിന്നെ തെരുവ് നായയും വളര്‍ത്തുനായയും തമ്മില്‍ വ്യത്യാസമില്ലല്ലോ, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും നാസര്‍ പറയുന്നു.

Related posts:

Leave a Reply

Your email address will not be published.