വിഷ്ണുപ്രിയയുടെ കൊലയാളി എന്ന സംശയത്തില്‍ മാനന്തേരി സ്വദേശി കസ്റ്റഡിയില്‍
1 min readകണ്ണൂര്‍: പാനൂരില്‍ സ്വന്തം വീട്ടിനകത്ത് വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത് കൂത്തുപറമ്പിനടുത്ത് മാനന്തേരി സ്വദേശിയെന്ന് വിവരം. ശ്യാംജിത് എന്ന് പേരായ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് വിവരം. ഇന്ന് രാവിലെയാണ് പാനൂര്‍ വള്ളിയായില്‍ കണ്ണച്ചാന്‍ കണ്ടി ഹൗസില്‍ വിഷ്ണു പ്രിയ (23)യെ വീടിനകത്ത് മരിച്ച് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
തൊട്ടടുത്ത് മരണം നടന്ന കുടുംബവീട്ടില്‍ നിന്ന് രാവിലെ കുളിക്കാനും വസ്ത്രം മാറാനുമായി വീട്ടിലേക്ക് പോയതായിരുന്നു വിഷ്ണുപ്രിയ. മകള്‍ തിരിച്ചെത്താന്‍ വൈകിയതോടെ തിരഞ്ഞുപോയ അമ്മയാണ് മരിച്ച് കിടക്കുന്ന വിഷ്ണുപ്രിയയെ കണ്ടെത്തിയത്. ബന്ധുക്കളും അയല്‍ക്കാരുമെല്ലാം തറവാട്ട് വീട്ടിലായിരുന്നതിനാല്‍ കൊലപാതകം ആരും അറിഞ്ഞിരുന്നില്ലെന്നാണ് നിഗമനം.
സ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് വിഷ്ണുപ്രിയയുടെ ഫോണ്‍ കോളുകള്‍ അന്വേഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതി ശ്യാംജിതിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പ്രണയം നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. പ്രതി കുറ്റം സമ്മതിച്ചതായും വിവരമുണ്ട്.