നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ അപ്പീല്‍ സുപ്രീം കോടതി വെള്ളിയാഴ്ച പരി?ഗണിക്കും

1 min read

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനെതിരെ അതിജീവിത സമര്‍പ്പിച്ച അപ്പീല്‍ വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കും. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് തള്ളിയത്.

വിചാരണ കോടതി ജഡ്ജിയുമായും അവരുടെ ഭര്‍ത്താവുമായും എട്ടാം പ്രതിയായ ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും പൊലീസിന് ലഭിച്ച വോയ്‌സ് ക്ലിപ്പുകളില്‍ ഇത് സംബന്ധിച്ച തെളിവുകളുണ്ടെന്നും ആരോപിച്ചായിരുന്നു അതിജീവിത ഹര്‍ജി നല്‍കിയത്. ഹണി എം.വര്‍ഗീസ് വിചാരണ നടത്തിയാല്‍ തനിക്ക് നീതി ലഭിക്കില്ലെന്നും നീതിയുക്തവുമായ വിചാരണ ഉണ്ടാകില്ലെന്ന ആശങ്ക ഉണ്ടെന്നും അതിജീവിത കോടതിയില്‍ വാദിച്ചിരുന്നു. നടിയുടെ ആവശ്യപ്രകാരം നടത്തിയ രഹസ്യ വിചാരണയ്ക്ക് ഒടുവിലാണ് കോടതി വിധി പ്രസ്താവിച്ചത്.

അതിനിടെ, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യകേസില്‍ സംവിധായകന്‍ ബൈജു കൊട്ടാരക്കര ഹൈക്കോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞു. നടി കേസിലെ വിചാരണ ജഡ്ജിക്കെതിരായ പരാമര്‍ശത്തിലാണ് ഹൈക്കോടതിയില്‍ ഹാജരായി മാപ്പ് പറഞ്ഞത്. കോടതിമുറിയില്‍ കേസ് പരിഗണിച്ചപ്പോള്‍ ബൈജു കൊട്ടാരക്കരയുടെ മൊബൈല്‍ഫോണ്‍ റിംഗ് ചെയ്തതിലും ജഡ്ജി നീരസം രേഖപ്പെടുത്തി.

നടി കേസിലെ വിചാരണ ജഡ്ജിയ്ക്ക് കഴിവില്ലെന്നും നീതിബോധം ഉള്ള ജഡ്ജിയാണെങ്കില്‍ ഇറങ്ങിപ്പോകണമെന്നും ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ പ്രതികരിച്ചതിനാണ് ഹൈക്കോടതി ബെജു കൊട്ടാരക്കരയ്‌ക്കെതിരെ സ്വമേധയാ കോടതിയലക്ഷ്യ കേസ് എടുത്തത്. കേസില്‍ നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി രണ്ട് വട്ടം ആവശ്യപ്പെട്ടിട്ടും ബൈജു ഹാജരായില്ല. ഇതോടെ ഇന്നലെ ഹാജരായില്ലെങ്കില്‍ മറ്റ് നടപടിയിലേക്ക് കടക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നീട് കോടതിയില്‍ ഹജരായ ബൈജു കൊട്ടാരക്കര മാപ്പ് അപേക്ഷിച്ചു. ജുഡീഷ്യറിയെ അപമാനിക്കാനോ, ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്താനോ ശ്രമിച്ചിട്ടില്ലെന്നും കോടതിയെ അറിയിച്ചു. കേസിലെ തുടര്‍ന്നടപടികളില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും ഈ ആവശ്യം തള്ളിയ കോടതി കേസ് ഈ മാസം 25 ലേക്ക് മാറ്റി.

Related posts:

Leave a Reply

Your email address will not be published.