ഓപ്പറേഷന് താമര’ നീക്കം പൊളിഞ്ഞത് ബോധ്യപ്പെടുത്താനെന്ന് കെജ്രിവാള്.
1 min readദില്ലി : കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവും ഓപ്പറേഷന് താമര നീക്കവും സജീവമായ ദില്ലിയിലെ രാഷ്ട്രീയ നാടകങ്ങള്‍ അവസാനിക്കുന്നില്ല. ദില്ലി നിയമസഭയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അറിയിച്ചു. എംഎല്‍എമാര്‍ തനിക്കൊപ്പമുണ്ടെന്നും ബിജെപിയുടെ ‘ഓപ്പറേഷന് താമര’ നീക്കം പൊളിഞ്ഞുവെന്ന് ദില്ലി ജനതയെ ബോധ്യപ്പെടുത്താനാണ് നടപടിയെന്നും കെജ്രിവാള് അറിയിച്ചു.
എന്നാല്‍ അഴിമതി ആരോപണങ്ങളില്‍ നിന്നും അന്വേഷണങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനുളള ശ്രമമാണ് കെജ്രിവാള് നടത്തുന്നതെന്ന് ബിജെപി തിരിച്ചടിച്ചു. ദില്ലി നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ആരാണ് ആവശ്യപ്പെട്ടതെന്ന് ബിജെപി ചോദിച്ചു. ദില്ലിയിലെ സര്‍ക്കാര്‍ സുരക്ഷിതമാണെന്നും മദ്യനയ അഴിമതി കേസില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനായുള്ള അടവാണിതെന്നും ബിജെപി നേതാവ് അമിത് മാളവ്യ പ്രതികരിച്ചു.
ആംആദ്മി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെ നാടകീയ സംഭവങ്ങള്‍ക്കാണ് ദില്ലി സാക്ഷ്യം വഹിക്കുന്നത്. തങ്ങളുടെ എംഎല്‍എമാരെ അടര്‍ത്തിമാറ്റാന്‍ ബിജെപി ശ്രമിച്ചെന്ന ആരോപണമാണ് ആംആദ്മി ഉയര്‍ത്തിയത്. ദില്ലി സര്‍ക്കാരിനെ വീഴ്ത്താന്‍ 40 എംഎല്‍എമാരെയാണ് ബിജെപി ബന്ധപ്പെട്ടത്. ഇവര്‍ക്ക് 800 കോടിയാണ് ബിജെപി വാഗ്ദാനം ചെയ്തതെന്നും നേരത്തെ കെജ്രിവാള് തുറന്നടിച്ചിരുന്നു. നീക്കം തടഞ്ഞ ആംആദ്മി, എംഎല്‍എമാരുടെ യോഗം വിളിച്ചു ചേര്‍ത്ത് തങ്ങള്‍ക്കൊപ്പമെന്ന് ഉറപ്പിച്ചു. 70 അംഗ ദില്ലി നിയമസഭയില്‍ 62 എംഎല്‍എമാരാണ് ആംആദ്മി പാര്‍ട്ടിക്കുള്ളത്. ഇതില്‍ 53 പേര് കെജ്രിവാള് വിളിച്ച യോഗത്തിന് നേരിട്ടെത്തുകയും ബാക്കിയുള്ളവര്‍ വിര്‍ച്ച്വലായി പങ്കെടുക്കുകയും ചെയ്തു. ഓരോ എംഎല്‍എയ്ക്കും 20 കോടി രൂപവീതം വാഗ്ദാനം ചെയ്ത് നാല്പത് എംഎല്‍എമാരെ അടര്‍ത്തിമാറ്റാനാണ് ബിജെപി ശ്രമിച്ചതെന്ന് നേതാക്കള്‍ ആരോപിച്ചു. നാല്പത് എംഎല്‍എമാര്‍ക്ക് ഇരുപത് കോടി രൂപ വീതം ആകെ 800 കോടി രൂപ വാഗ്ദാനം ചെയ്ത ബിജെപിക്ക് ഈ പണം എവിടുന്ന് കിട്ടിയെന്നും നേതാക്കള്‍ ചോദിച്ചു.