വിവിധ ഹോട്ടലുകളിലേക്ക് ഷവര്‍മയും അല്‍ഫാമും ഉണ്ടാക്കാന്‍ സൂക്ഷിച്ച 500 കിലോ ചീഞ്ഞ ഇറച്ചി പിടികൂടി
1 min readകൊച്ചി: കളമശേരിയില്‍ 500 കിലോ പഴകിയ ഇറച്ചി പിടികൂടി. നഗരത്തിലെ വിവിധ ചെറുകിട ഹോട്ടലുകള്‍ക്കും തട്ടുകടകള്‍ക്കും ഷവര്‍മ, അല്‍ഫാം എന്നീ ആവശ്യങ്ങള്‍ക്കായി മാംസം വിതരണം ചെയ്തിരുന്ന കേന്ദ്രീകൃത അടുക്കളയില്‍ നിന്നാണ് അഴുകിയ മാംസം പിടിച്ചെടുത്തത്. കളമശേശി നഗരസഭയിലെ ഭക്ഷ്യസുരക്ഷാ വിഭാഗമാണ് പരിശോധന നടത്തിയത്.
ദുര്‍ഗന്ധം വമിക്കുന്ന നിലയിലുള്ള ഇറച്ചിയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പിടികൂടിയത്. കളമശേരി എച്ച്എംടിക്ക് അടുത്ത കൈപ്പടമുകളിലെ വീട്ടില്‍ ഫ്രീസറുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു പഴകിയ ഇറച്ചി സൂക്ഷിച്ചിരുന്നത്. ഫ്രീസര്‍ തുറന്നപ്പോള്‍ തന്നെ കടുത്ത ദുര്‍ഗന്ധം വമിച്ചെന്ന് പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കെട്ടിടത്തിനു പുറത്തു തെങ്ങിന് ചുവട്ടില്‍ വരെ ഫ്രീസറുകള്‍ വച്ചാണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെനിന്നു മലിനമായ വെള്ളം പുറത്തേക്ക് ഒഴുകുകയും രൂക്ഷ ഗന്ധം ഉയരുകയും ചെയ്തതോടെ നാട്ടുകാര്‍ നഗരസഭയിലെ ഭക്ഷ്യസുരക്ഷാ വിഭാഗത്തെ അറിയിക്കുകയായിരുന്നു. 150 കിലോ പഴകിയ എണ്ണയും സ്ഥലത്തുനിന്നും കണ്ടെത്തി. ഇത് ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്കു കൊണ്ടുപോയി.