ലോണെടുത്ത് കടം വീട്ടാന്‍ ശ്രമം; രമേശന്‍ ഗള്‍ഫില്‍ നിന്ന് വിമാനം കയറിയത് ആത്മഹത്യ തീരുമാനവുമായി

1 min read

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. കഠിനംകുളം സ്വദേശി രമേശനെയും കുടുംബത്തെയുമാണ് പൊളളലേറ്റ് മരിച്ചനിലയില്‍ കണ്ടത്. രമേശന്‍, ഭാര്യ സുലജ കുമാരി, മകളായ രേഷ്മ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. സാമ്പത്തിക പ്രശ്‌നങ്ങളാണ് മരണകാരണമെന്നാണ് പൊലീസ് പറയുന്നത്. വീട്ടാനാകാത്ത കടവും അതിന്റെ പലിശയുമാണ് കുടുംബത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന സൂചനകളാണ് പുറത്തു വരുന്നത്.

രമേശന്‍ ഗള്‍ഫിലായിരുന്നെങ്കിലും നാട്ടില്‍ നിന്നും ആവശ്യത്തിലധികം കടം വാങ്ങിയിരുന്നു. കടവും അതിന്റെ പലിശയും ചേര്‍ന്ന് താങ്ങാനാകത്ത തുകയായി മാറുകയായിരുന്നു. ഈ തുക ഒരിക്കലും അടച്ചു തീര്‍ക്കാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെയാണ് മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പലിശക്കുരുക്കില്‍ നിന്നും കരകയറാനാകതെ വന്നതോടെ കുടുംബം ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഗള്‍ഫില്‍ ജോലിനോക്കുന്ന രമേശന്‍ കഴിഞ്ഞദിവസമാണ് നാട്ടിലെത്തിയത്. ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് തിരിക്കുന്നതിനു മുന്‍പ് തന്നെ രമേശന്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നുവെന്ന വിലയിരുത്തലും പൊലീസിനുണ്ട്.

ലക്ഷങ്ങളുടെ ബാധ്യത തീര്‍ക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചതുമില്ല. വീടും സ്ഥലവും വിറ്റ് കടം തീര്‍ക്കാന്‍ ശ്രമിച്ചിട്ടും നടന്നില്ല. ലോണെടുത്ത് കടം വീട്ടാനുള്ള ശ്രമവും പരാജയപ്പെട്ടു. പലിശക്കാര്‍ വീടും സ്ഥലവും ഈട് കാണിച്ച് കേസിന് പോയി. ഇതോടെ മറ്റു മാര്‍ഗ്ഗങ്ങളും ഇല്ലാതായി. ഇതിന് പിന്നാലെയായിരുന്നു ഇന്നലെ ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെ രമേശനും ഭാര്യയും മകളും ആത്മഹത്യ ചെയ്തത്. ഗള്‍ഫില്‍ നിന്നും രമേശന്‍ മടങ്ങിയെത്തിയത് പ്രതീക്ഷകളറ്റാണെന്നാണ് പുറത്തുവരുന്ന വിവരം.

അര്‍ദ്ധരാത്രി 12 മണിയോടെ മുറിയിലെ ചില്ലുകള്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട അയല്‍വാസികള്‍ മുറിയില്‍ നിന്നും തീ ആളിപ്പടരുന്നത് കണ്ടു. ഉടന്‍ വീട്ടിലെത്തിയെങ്കിലും അകത്ത് നിന്നും പൂട്ടിയിരുന്നു. മുന്‍ വാതില്‍ തകര്‍ത്ത് അകത്തെത്തിയെങ്കിലും കിടപ്പുമുറിയിലെ വാതില്‍ അലമാരയടക്കം വച്ച് കടക്കാനാകാത്ത വിധം ബന്ധിച്ചിരുന്നു. പുറത്തെ ജനലിലൂടെ അകത്തേക്ക് വെള്ളമൊഴിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

രമേശന്റെ മൃതദേഹം മുറിയില്‍ നിലത്തും സുലജ കുമാരിയുടെയും രേഷ്മയുടെയും മൃതദേഹം കട്ടിലിലുമായിരുന്നു ഉണ്ടായിരുന്നത്. മകന്‍ തമിഴ്‌നാട്ടില്‍ ചെണ്ടമേളത്തിന് പോയിരിക്കുകയായിരുന്നു. സുലജകുമാരിയുടെ അച്ഛനും അമ്മയും തൊട്ടടുത്ത മുറിയില്‍ ഉണ്ടായിരുന്നു. വീട്ടില്‍ നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. പലിശക്കാര്‍ ശല്യപ്പെടുത്തിയെന്നം അതുകൊണ്ട് ജീവനൊടുക്കുന്നു എന്നുമാണ് ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിട്ടുള്ളത്.
കുടുംബത്തിലെ മൂന്ന് പേര്‍ ജീവനൊടുക്കിയതിന്റെ ഞെട്ടലിലാണ് നാട്ടുകാരും ബന്ധുക്കളും. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തി.

Related posts:

Leave a Reply

Your email address will not be published.