ജയരാജപ്പോരില്‍ സിപിഎം തിളയ്ക്കുന്നു; എം.വി.ഗോവിന്ദന് അടിപതറുമോ?

1 min read

തിരുവനന്തപുരം: പി.ജയരാജന്‍ കുടം തുറന്നിട്ട റിസോര്‍ട്ട് ഭൂതം സിപിഎമ്മില്‍ തിളയ്ക്കുന്നു. ഏകശിലാരൂപത്തില്‍ നിന്ന സിപിഎമ്മിലെ കണ്ണൂര്‍ ലോബിയാണ് ഇപ്പോള്‍ നെടുകെ പിളര്‍ന്നിരിക്കുന്നത്. ഒരിടവേളക്ക് ശേഷം ജില്ലയിലെ ഏറ്റവും ശക്തരായ നേതാക്കളിലൂടെ വീണ്ടും വിഭാഗീയത തലപൊക്കുകയാണ്. പി ജയരാജന്‍ – ഇ പി ജയരാജന്‍ വിഷയം സി പി ഐ എമ്മിനെ മുന്‍പെങ്ങുമില്ലാത്ത തരത്തില്‍ സംഘടാനപരമായ പ്രതിസന്ധിയിലേക്ക് തള്ളി വിട്ടിരിക്കുകയാണ്. കണ്ണൂരില്‍ പിണറായി വിജയനേക്കാളും ജനപ്രീതി ഉള്ള നേതാവാണ് പി ജയരാജന്‍ . എന്നാല്‍ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയ ശേഷം പി ജയരാജനെ ഒതുക്കാനും പാര്‍ട്ടിക്കുള്ളില്‍ ശ്രമം നടന്നു. പാര്‍ട്ടിക്ക് മേലെ വ്യക്തികളെ പ്രതിഷ്ഠിക്കുന്നത് പാര്‍ട്ടി അച്ചടക്കത്തിന് ചേര്‍ന്നതല്ല എന്ന് ചൂണ്ടിക്കാട്ടി സി പി എം തന്നെയാണ് ഇത്തരം ശ്രമങ്ങളെ മുളയിലെ നുള്ളിക്കളഞ്ഞത്. സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പ്രായപരിധി മാനദണ്ഡം പറഞ്ഞ് പി ജയരാജനെ മാറ്റി നിര്‍ത്തിയതിന് പിന്നിലെല്ലാം പാര്‍ട്ടിയിലെ ഉള്‍പ്പോര് കാരണമാണ്. എം വി ഗോവിന്ദന്‍ സി പി ഐ എം സംസ്ഥാന സെക്രട്ടറി ആയതോടെ പാര്‍ട്ടിക്കുള്ളില്‍ പി ജയരാജന്‍ വീണ്ടും സജീവമാകാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായാണ് ഇപിയുടെ റിസോര്‍ട്ട് വിഷയം പി.ജയരാജന്‍ ഉന്നയിച്ചതും. പക്ഷെ അതിനു പാര്‍ട്ടി സെക്രട്ടറിയായ എം.വി.ഗോവിന്ദന്റെ പിന്‍ബലം കൂടിയുണ്ടെന്ന സൂചനകള്‍ സിപിഎമ്മില്‍ ശക്തമാണ്.

ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറിയായതോടെ ഇപി അസ്വസ്ഥനാണ്. കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് അനാരോഗ്യം മൂലം മാറി നിന്നതോടെ സി പി എമ്മിനെ നയിക്കുക മുതിര്‍ന്ന നേതാവും കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ പി ജയരാജന്‍ ആയിരിക്കും എന്ന് കരുതിയിരുന്നു.
എന്നാല്‍ ഇ പിക്കും എ കെ ബാലനും പകരം മന്ത്രിയായിരുന്ന എം വി ഗോവിന്ദനെ മന്ത്രി സ്ഥാനം രാജിവെപ്പിച്ച് സി പി ഐ എം സംസ്ഥാന സെക്രട്ടറിയാക്കി. ഇതില്‍ ഇ പി ജയരാജന് ചെറുതല്ലാത്ത അതൃപ്തി ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. താരതമേന ജൂനിയറായ എം വി ഗോവിന്ദന്‍ ഇ പി ജയരാജനെ മറികടന്നാണ് പാര്‍ട്ടി സെക്രട്ടറിയാകുന്നത്. ഇതിന് ശേഷം ഇ പി ജയരാജന്‍ പാര്‍ട്ടിയിലും മുന്നണിയിലും നിസഹകരണ മനോഭാവത്തോടെ ആയിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ആരോഗ്യം ചൂണ്ടിക്കാട്ടി അവധി എടുക്കുകയും ചെയ്തു. ഇതില്‍ പിണറായി വിജയനും എം വി ഗോവിന്ദനും അതൃപ്തി ഉണ്ടായിരുന്നു. എല്‍ ഡി എഫ് കണ്‍വീനറായ ഇ പി മുന്നണി യോഗങ്ങള്‍ വിളിച്ച് ചേര്‍ക്കാത്തത് മുന്നണിക്കുള്ളിലെ ഘടകകക്ഷികളിലും നീരസമുണ്ടാക്കി. ഇതിനിടെയാണ് പി ജയരാജന്‍ അനധികൃത സ്വത്ത് സമ്പാദന ആരോപണം ഉയര്‍ത്തി മുന്നോട്ട് വരുന്നത്.

ഇ പി ജയരാജന്റെ നിസഹകരണത്തില്‍ പിണറായി വിജയനും എം വി ഗോവിന്ദനും ഉള്ള അതൃപ്തി മുതലാക്കാനാണ് പി ജയരാജന്‍ ശ്രമിച്ചത്. അത് ഒരു പരിധി വരെ ലക്ഷ്യം കണ്ടു എന്ന് വേണം കരുതാന്‍. എന്നാല്‍ നിലവിലെ പ്രതിസന്ധി സംഘടനാപരമായി എം വി ഗോവിന്ദന്‍ എങ്ങനെ മറികടക്കും എന്നൊരു മറുചോദ്യവും ഉണ്ട്. കാരണം സി പി ഐ എമ്മില്‍ വി എസ്- പിണറായി പോരിന് ശേഷം വലിയ നേതാക്കള്‍ തമ്മിലൊരു പരസ്യപോരിന് ഇട വന്നിട്ടില്ല. കോടിയേരിയുടെ ഇടപെടല്‍ അതിന് വലിയ കാരണമായിരുന്നു. വി എസ് – പിണറായി തര്‍ക്കങ്ങളില്‍ പോലും മധ്യസ്ഥനായിരുന്ന കോടിയേരിയാണ് പാര്‍ട്ടിയെ വിഭാഗീയതയുടെ തരിമ്പ് പോലുമില്ലാതെ സി പിഎമ്മിനും എല്‍ ഡി എഫിനും തുടര്‍ഭരണം നല്‍കുന്നതില്‍ ചുക്കാന്‍ പിടിച്ചത്. പ്രശ്‌നം രമ്യമായി പരിഹരിക്കാനായാല്‍ പാര്‍ട്ടിക്കുള്ളില്‍ എം വി ഗോവിന്ദന് മേല്‍ക്കൈ ശക്തമാകും. ഒപ്പം ഒന്നര വര്‍ഷത്തിനിപ്പുറം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനായി പാര്‍ട്ടിയേയും മുന്നണിയേയും സജ്ജാരാക്കുകയും ചെയ്യാം. എന്നാല്‍ കോടിയേരിയുടെ ശൈലിയല്ല എം വി ഗോവിന്ദന്റേത് എന്നതിനാല്‍ ഗോവിന്ദന് അടിപതറുമോ എന്നാണ് ഇപ്പോള്‍ രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

Related posts:

Leave a Reply

Your email address will not be published.