ഇ.പി. ജയരാജനെതിരേയുള്ള വിവാദങ്ങൾക്ക് പിന്നിൽ പിണറായി; റിസോര്‍ട്ടിനു അനുമതി നല്‍കിയത് ഗോവിന്ദന്റെ ഭാര്യയെന്നു ഷാജി; ലീഗിലും പോര് കടുക്കുന്നു

1 min read

കോഴിക്കോട്: സി.പി.എമ്മിലെ റിസോര്‍ട്ട് വിവാദത്തിന്റെ അലയൊലികള്‍ മുസ്ലിം ലീഗിലും. ഇ.പി. ജയരാജനെതിരേയുള്ള വിവാദങ്ങൾക്ക് പിന്നിൽ പിണറായി വിജയനാണെന്ന് കെ.എം. ഷാജി. ഇതിന് എല്ലാ ഒത്താശയും നൽകിയത് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയാണെന്നും ഷാജി പറഞ്ഞു.

ഇതോടെ ജയരാജ വിഷയത്തിന്റെ അലയൊലികള്‍ ലീഗിലും ശക്തമാവുകയാണ്. വിഷയം സി.പി.എമ്മിന്റെ ആഭ്യന്തരകാര്യമെന്നു പ്രതികരിച്ച കുഞ്ഞാലിക്കുട്ടിയെ തള്ളി കെ.പി.മജീദ്‌ രംഗത്ത് വന്നിരുന്നു. കെ.പി.എ. മജീദിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഇപ്പോള്‍ കെ.എം. ഷാജിയും യൂത്ത് ലീഗും രംഗത്ത് വരികയാണ്. ജയരാജൻ വിവാദം സിപിഎമ്മിന്റെ ആഭ്യന്തര കാര്യമാണെന്നും അതിൽ ലീഗിന് ഇടപെടേണ്ടതില്ലെന്നും പറഞ്ഞ് ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുന്ന നിലപാടാണ് കുഞ്ഞാലിക്കുട്ടി സ്വീകരിച്ചത്. ഇതിനെതിരെയാണ് ലീഗ് നേതാക്കള്‍ തന്നെ രംഗത്ത് വരുന്നത്. വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തണം. വിജിലൻസ് അന്വേഷണം വേണം. പാർട്ടി അന്വേഷിച്ച് അവസാനിപ്പിക്കേണ്ട ഒരു ആരോപണമല്ല എന്ന് വ്യക്തമാക്കിക്കൊണ്ട് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസും രംഗത്തെത്തി.

‘എത്രയോ വർഷമായി കുന്നിടിക്കാൻ തുടങ്ങിയിട്ട്, കോടിക്കണക്കിന് രൂപ ഇൻവെസ്റ്റ് ചെയ്യാൻ തുടങ്ങിയിട്ട്. അതിന് എല്ലാ അനുമതിയും കൊടുത്തത് സി.പി.എമ്മിന്റെ ഇപ്പോഴത്തെ ജനറൽ സെക്രട്ടറി ഗോവിന്ദൻ മാഷിന്റെ ഭാര്യയാണ്. ഇ.പിയുടെ ചിറകരിയാൻ പിണറായി വിജയൻ മൂലക്കിരുത്തിയ പി ജയരാജനെ കൊണ്ടുവന്നിരിക്കുന്നു. എന്നിട്ട് പി ജയരാജൻ പുതിയ കണ്ടുപിടിത്തം പോലെ പഴയ പരാതി പുതിയതാക്കി കൊണ്ടുവന്നിരിക്കുന്നു. പിണറായി വിജയന് പറ്റാതായാൽ ഇതാണ് എല്ലാവരുടേയും സ്ഥിതി. അത് പിണറായിയുടെ ശൈലിയാണ്’ കെ.എം. ഷാജി പറഞ്ഞു. ആഭ്യന്തരമായി പാർട്ടി അന്വേഷണം നടത്തി തീർക്കാൻ ഇത് ഉത്തരകൊറിയ ഒന്നും അല്ല, കേരളമാണ്. അതുകൊണ്ട് ആ തരത്തിലുള്ള അന്വേഷണം വിഷയത്തിൽ നടത്തണമെന്ന് കെ.എം. ഷാജി പറഞ്ഞു.

രാഷ്ട്രീയമായി മറുകക്ഷിക്കെതിരെ ഉയർത്താനുള്ള ഏറ്റവും വലിയ ആരോപണത്തിൽ എന്തുകൊണ്ട് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചില്ല എന്നത് പാർട്ടിക്കുള്ളിൽ തന്നെ ഉയർന്നിരുന്നു. തൊട്ടുപിന്നാലെ കെ.പി.എ. മജീദ് പരസ്യമായിത്തന്നെ കുഞ്ഞാലിക്കുട്ടിയെ തള്ളിക്കൊണ്ട് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

റിസോർട്ട് നിർമ്മാണത്തിൽ അടിമുടി ദുരൂഹതയുണ്ടെന്നും സാമ്പത്തിക ഇടപാടിൽ വലിയ സംശയങ്ങളുണ്ട്, ഇക്കാര്യത്തെക്കുറിച്ച് മിണ്ടാതിരിക്കാൻ പറ്റില്ല, അന്വേഷിക്കണം എന്നാണ് മജീദ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞ് വെക്കുന്നത്.

ജയരാജ വിഷയത്തിൽ ശക്തമായ നിലപാടുമായി ലീഗ് രംഗത്തെത്തണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് പ്രവർത്തകർ കെ.പി.എം. മജീദിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ കമന്റും ചെയ്യുന്നുണ്ട്. ഇതോടെ സിപിഎമ്മിലെ ജയരാജ വിഷയത്തിൽ ലീഗിലും പോര് കനക്കുകയാണ്.

Related posts:

Leave a Reply

Your email address will not be published.