അസ്ത്രം ജയരാജന് നേരെ എങ്കിലും ലക്ഷ്യം പിണറായി തന്നെയെന്നു കെ.എസ്.രാധാകൃഷ്ണന്‍

1 min read

തിരുവനന്തപുരം: ഇ.പി.ജയരാജന്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്നും അത് കണ്ണൂരിലെ ജയരാജന്റെ വൈദേകം റിസോര്‍ട്ടില്‍ നിക്ഷേപിച്ചെന്നും പി.ജയരാജന്‍ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ആരോപണം ഉന്നയിച്ചതോടെ നേതൃത്വം പ്രതിസന്ധിയിലാണ്. പുതിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പിന്‍ബലം പി.ജയരാജന് ഉണ്ടോ എന്നാണ് ഇ.പി.ജയരാജനും പ്രമുഖ സിപിഎം നേതാക്കളും സംശയിക്കുന്നത്.

എന്തായാലും ഇ.പി.ജയരാജന്‍ പൂര്‍ണ നിശബ്ദതയിലാണ്. കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി ആയിരിക്കെ ഉന്നയിക്കപ്പെട്ട റിസോര്‍ട്ട് പ്രശ്നം ഒരു വിഷയം പൊടുന്നനെ സംസ്ഥാന കമ്മിറ്റിയിൽ ആരോപണമായി ഉയർന്നതിനു പിന്നിൽ എം.വി.ഗോവിന്ദന്റെ പിൻബലം എന്ന സംശയം തന്നെയാണ് ജയരാജന്റെ മനസിലും. എൺപതോളം പേർ പങ്കെടുക്കുന്ന സംസ്ഥാന കമ്മിറ്റിയിൽ വ്യക്തിപരമായ ഒരു ആരോപണം അഴിച്ചുവിട്ടതിൽ തന്നെ ഇപി അപാകത കാണുകയാണ്.

പാർട്ടിയുമായി നേരിട്ടു ബന്ധമില്ലാത്ത ഒരു സ്ഥാപനത്തെ സംബന്ധിച്ച് സംസ്ഥാന കമ്മിറ്റിയിൽ അഴിമതി ആരോപണം ഉന്നയിച്ചതു സംഘടനാ മര്യാദയല്ലെന്ന നിലപാടിലാണ് ജയരാജൻ. എന്നാല്‍ അസ്ത്രം പി.ജയരാജന് നേരെയാണെങ്കിലും ലക്‌ഷ്യം പിണറായി തന്നെ എന്ന് എഫ്ബി കുറിപ്പില്‍ വ്യക്തമാക്കുകയാണ് ചിന്തകനും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ ഡോക്ടര്‍ കെ.എഎസ്.രാധാകൃഷ്ണന്‍. 100 കോടിയിലേറെ രൂപയുടെ സ്വത്തു പിണറായി വിജയൻറെ മകൾ വീണ വിജയന്റെ പേരിലുണ്ടല്ലോ. അതിനെക്കുറിച്ച് അന്വേഷണം വേണ്ടെ? പിണറായിയുടെ മകന്റെ പേരിലും സ്വത്തുണ്ട്. അതുകൊണ്ട് തന്നെ ഇപി വെട്ടിലായാല്‍ പിണറായിയും വെട്ടിലാകും എന്നാണ് രാധാകൃഷ്ണന്‍ എഫ്ബി കുറിപ്പില്‍ കുറിക്കുന്നത്.

രാധാകൃഷ്ണന്റെ എഫ്ബി കുറിപ്പ് ഇങ്ങനെ:

ഇ പി ജയരാജന്റെ നേരെയാണ് പി ജയരാജൻ അസ്ത്രം നീട്ടിയിരിക്കുന്നത് എന്നത് ശരിയാണെങ്കിലും ലക്‌ഷ്യം പിണറായി തന്നെ. ഇ പി ജയരാജൻ അഴിമതിക്കാരൻ. അനധികൃതമായി 30 കോടിയിലേറെ രൂപ സമ്പാദിച്ചു. ആ പണം മകന്റെയും ഭാര്യയുടെയും പേരിൽ ആയുർവേദ റിസോർട്ടിൽ നിക്ഷേപിച്ചു . തെളിവുകൾ തന്റെ കൈവശം ഉണ്ട്. അതുകൊണ്ടു അന്വേഷണം നടത്തി നടപടി സ്വീകരിക്കണം എന്ന് പി ജയരാജൻ മാർക്സിസ്റ്റ് പാർട്ടി സംസ്ഥാന സമിതിയിൽ ആവശ്യപ്പെട്ടു. എഴുതി തന്നാൽ അന്വേഷിക്കാമെന്നു എം വി ഗോവിന്ദൻ പറയുകയും ചെയ്തു. പക്ഷെ 100 കോടിയിലേറെ രൂപയുടെ സ്വത്തു പിണറായി വിജയൻറെ മകൾ വീണ വിജയന്റെ പേരിലുണ്ടല്ലോ. അതിനെക്കുറിച്ച് അന്വേഷണം വേണ്ടെ? പിണറായിയുടെ മകന്റെ പേരിലും സ്വത്തുണ്ട്.
പിണറായിയും ഇ പി ജയരാജനും ജീവിതത്തിൽ ഒരു പണിയും ചെയ്തിട്ടില്ല. ആകെ അറിയാവുന്ന തൊഴിൽ രാഷ്ട്രീയം മാത്രമാണ്. വിപ്ലവം, വർഗ സമരം, തൊഴിലാളിവർഗ സർവാധിപത്യം, ജനാധിപത്യം, സെക്കുലറിസം, കുലംകുത്തി, അടവുനയം എന്നിങ്ങനെയുള്ള കുറെ വാക്കുകളെ ഉപയോഗിച്ച് കുറെ പേരെ കൊലപാതകികളും വേറെ കുറച്ചുപേരെ രക്തസാക്ഷികളും ആക്കി മാറ്റി എന്നതാണ് ഇവരുടെ സംഭാവന. ഈ രണ്ടു മാന്യന്മാരുടെയും പൊതു ജീവിതം എന്നാൽ പൊതുചിലവിലുള്ള ജീവിതം എന്നാണ് അർഥം. പൊതുചിലവിലാണ് ഈ രണ്ടു മാന്യന്മാരും ഇക്കാണായ സ്വത്തു ഒക്കെ സമ്പാദിച്ചത്. ഈ സ്വത്തു സമ്പാദനത്തിനാണ് ഇവർ ജനസേവനം എന്ന് പറയുന്നത്. അതുകൊണ്ട്, ജയരാജൻ തെറ്റുകാരൻ ആണെങ്കിൽ പിണറായിയും തെറ്റുകാരൻ തന്നെ.

ജയരാജന് എതിരെ അന്വേഷണം ആകാമെങ്കിൽ പിണറായിക്കു എതിരെയും അന്വേഷണം വേണം എന്ന് സാരം. അപ്പോൾ, ഇ പി ജയരാജന്റെ നേരെയാണ് പി ജയരാജൻ അസ്ത്രം നീട്ടിയിരിക്കുന്നത് എന്നത് ശരിയാണെങ്കിലും അതിന്റെ ലക്‌ഷ്യം പിണറായിയാണ് എന്ന കാര്യം ശ്രദ്ധേയം. ജയരാജനും ജയരാജനും തമ്മിലുള്ള തർക്കം യഥാർത്ഥത്തിൽ സി പി എം കണ്ണൂർ ഗാംഗിൽ ഉണ്ടായിട്ടുള്ള വിള്ളലിനെയാണ് സൂചിപ്പിക്കുന്നത്. വിജയന്റെ നേതൃത്വത്തിൽ കണ്ണൂർ സഖാക്കൾ ഉരുക്കുകോട്ട പോലെയാണ് നിന്നിരുന്നത്. വിജയൻറെ നേതൃത്വത്തെ ചോദ്യം ചെയ്യാൻ കണ്ണൂരിൽ നിന്ന് തന്നെ ആളുണ്ടായിരിക്കുന്നു. ഗോവിന്ദൻ വിജയനെ വെട്ടിനിരത്തും; വിജയൻ വി എസിനെ വെട്ടിനിരത്തിയത് പോലെ. അതാണ് കാവ്യ നീതി. അസുരഗണം തമ്മിലടിച്ചു നശിച്ചത് പോലെ ഇവരും നശിക്കും. അതാണ് കമ്മ്യൂണിസ്റ്റു ചരിത്രം. ഡോ. കെ. എസ്. രാധാകൃഷ്ണൻ കുറിക്കുന്നു.

Related posts:

Leave a Reply

Your email address will not be published.